കൊല്ലം: ശബരിമല തീർഥാടകരുടെ തിരക്ക് പ്രമാണിച്ച് സൗത്ത് സെൻട്രൽ റെയിൽവേ ഇതുവരെ കേരളത്തിലേയ്ക്ക് അനുവദിച്ചത് 66 ട്രെയിനുകൾ. ആദ്യം അനുവദിച്ചതിന് പുറമേ 40 സ്പെഷൽ സർവീസുകൾ കൂടി ആരംഭിക്കാൻ സൗത്ത് സെൻട്രൽ റെയിൽവേ ഇന്നലെ തീരുമാനിച്ചു. കഴിഞ്ഞ ദിവസം അനുവദിച്ചത് 22 ട്രെയിനുകൾ ആയിരുന്നു. ശ്രീകാകുളം റോഡ് -കൊല്ലം, വിശാഖപട്ടണം – കൊല്ലം റൂട്ടിലും തിരികെയുമാണ് പുതിയ 40 സർവീസുകളെന്ന് സൗത്ത് സെൻട്രൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ രാകേഷ് അറിയിച്ചു.
ശ്രീകാകുളം റോഡ് – കൊല്ലം സർവീസ് 25-നും വിശാഖപട്ടണം – കൊല്ലം സർവീസ് 29 -നും ആരംഭിക്കും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
ഫസ്റ്റ് ഏസി, സെക്കൻഡ് ഏസി, തേർഡ് ഏസി, സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് ജനറൽ എന്നീ കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു.
കച്ച്ഗുഡ -കൊല്ലം, സെക്കന്ദരാബാദ് – കൊല്ലം, നരാസ്പുർ – കോട്ടയം, കാക്കിനാട ടൗൺ – കോട്ടയം എന്നീ റൂട്ടുകളിലും എതിർ ദിശയിലുമാണ് ആദ്യം അനുവദിച്ച 22 സർവീസുകൾ. ഇപ്പോൾ അനുവദിച്ചവയെല്ലാം സ്പെഷൽ സർവീസുകളായാണ് ഓടുന്നത്. അതുകൊണ്ട് തന്നെ ടിക്കറ്റ് നിരക്കിൽ വർധനയുണ്ട്. സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിനുകൾ എന്നാണ് ഈ വണ്ടികളെ റെയിൽവേ വിശേഷിപ്പിച്ചിട്ടുള്ളത്.
എസ്.ആർ. സുധീർ കുമാർ