തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെ പോലീസ് സംസ്ഥാനത്ത് കർശന ജാഗ്രതാ നിർദേശം നൽകി. വിധിയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണങ്ങൾ നടത്തുകയോ അക്രമത്തിന് മുതിരുകയോ ചെയ്താൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
നവമാധ്യമങ്ങൾ വഴി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാലും നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ സമർപ്പിച്ച ഹർജികളിന്മേലുള്ള വിധിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കുന്നത്. രാവിലെ 10.30നാണ് വിധി പ്രസ്താവം ആരംഭിക്കുകയെന്നാണ് വിവരം.
56 പുനഃപരിശോധന ഹർജികളിലാണ് വിധി. കഴിഞ്ഞവർഷം സെപ്റ്റംബർ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇന്ത്യൻ യംഗ് ലോയേഴ്സ് അസോസിയേഷൻ നടത്തിയ 12 വർഷത്തെ നിയമപോരാട്ടത്തിന് ശേഷമായിരുന്നു വിധി. വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികൾ വന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി പരിഗണിച്ചിരുന്നു. ഒരു ദിവസം നീണ്ട വാദമാണ് ഹർജികളിന്മേൽ നടന്നത്. പിന്നീട് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. യുവതീപ്രവേശനം അനുവദിച്ച വിധി കേരളത്തിൽ വൻ പ്രക്ഷോഭങ്ങൾക്കും കാരണമായിരുന്നു.
സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ച സർക്കാരിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങളും നടന്നു. ഇതുമായി ബന്ധപ്പെട്ട എടുത്ത ഒമ്പതിനായിരത്തോളം കേസിൽ 27,000 പേരാണ് പ്രതികളായത്.