തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയം ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവതീപ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെന്ന കാരണത്താൽ യുവതികളെ പോലീസ് അകമ്പടിയോടെ സന്നിധാനത്ത് പ്രവേശിപ്പിക്കാൻ സർക്കാർ ശ്രമിക്കരുത്. സർക്കാർ ഇനിയെങ്കിലും മുൻ നിലപാട് തിരുത്തണം. ശബരിമലയെ സംഘർഷ ഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളുണ്ടാവരുത്. അത്തരം നടപടികൾ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിധി വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട സ്ഥിതിക്ക് സുപ്രീംകോടതിയുടെ തീരുമാനത്തിനായി എല്ലാവരും കാത്തിരിക്കണമെന്നും ഇന്നത്തെ വിധി സ്വാഗതാർഹമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.