തിരുവനന്തപുരം: സുപ്രീം കോടതി വിധിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയില്‍ അല്ല ഏത് ആരാധനാലയത്തിലും വിവേചനങ്ങള്‍ പാടില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.
സുപ്രീംകോടതി മുമ്പാകെ വന്ന ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയുടേത്. ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവര്ക്കും പ്രവേശനം നല്കുന്ന ക്ഷേത്ര സങ്കേതമാണ് ശബരിമല. ഒരു നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് വിലക്ക് കല്പ്പിച്ചിരുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി.
വിശ്വാസത്തിന്റെ പേരില്‍ അവകാശം ലംഘിക്കാന്‍ പാടില്ലെന്ന തരത്തിലാണ് വിധി. ഈ വിധി എങ്ങനെ നടപ്പാക്കണമെന്നത് വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും. ആചാരങ്ങള്‍ കാലാനുസൃതമായി മാറ്റി മുന്നോട്ട് പോകുന്ന പുരോഗമന നിലപാട് സ്വീകരിക്കുന്ന പൊതുസമൂഹം ഈ വിധി ഉള്‍ക്കൊള്ളുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.