കോഴഞ്ചേരി: ശബരിമല ക്ഷേത്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന വനംവകുപ്പിന്റെ സമീപനം ഗുണകരമല്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. പുല്ലാട് കുറങ്ങഴക്കാവ് ശ്രീധർമശാസ്താക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നിർമിക്കുന്ന ദേവസ്വം ഓഫിസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല ക്ഷേത്രത്തിന്റെ അതിർത്തി നിർണയിക്കുന്നതിന് ദേവസ്വം ബോർഡും റവന്യൂ വകുപ്പും വനംവകുപ്പും സംയുക്തമായി സർവേ നടത്തുകയും 94 ഏക്കർ ശബരിമല ക്ഷേത്രത്തിന് ഉണ്ടെന്ന് തിട്ടപ്പെടുത്തിയതുമാണ്. എന്നാൽ ഇത് കോടതിയുടെ പരിഗണനയിലാണ്.
കർക്കിടകവാവുബലി തർപ്പണത്തിന് ഇത്തവണ പന്പാ ത്രിവേണിയിൽ സൗകര്യം ഒരുക്കും. മുൻവർഷങ്ങളിൽ ശബരിമല നട അടച്ചിടുന്ന സമയത്ത് ബലി തർപ്പണം നടത്തിയിരുന്നില്ല. യോഗത്തിൽ ക്ഷേത്രോപദേശക സമിതി രക്ഷാധികാരി എം.പി. പ്രതാപചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അജിത് പുല്ലാട്, എൻഎസ്എസ് കരയോഗം പ്രസിഡന്റ് ടി.എസ്്. സതീഷ്കുമാർ, ദേവസ്വം ഉദ്യോഗസ്ഥരായ ജി. അരുണ്‍കുമാർ, വേണുഗോപാലൻനായർ എന്നിവർ പ്രസംഗിച്ചു.