കോട്ടയം: ജില്ലയുടെ വികസനസ്വപ്നങ്ങൾക്കു ചിറകുവിടർത്തിയ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയിൽ ആശങ്ക.
ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഒട്ടും സുരക്ഷിതമല്ലെന്നു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കണ്ടെത്തിയതോടെയാണു പദ്ധതി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്റെ 2263 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനു സംസ്ഥാന സർക്കാർ അംഗീകാരം നൽകിയിരുന്നതാണ്.
ഡിജിസിഎയുടെ വിലയിരുത്തൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് വ്യക്തമാക്കിയ നിലയ്ക്കു പദ്ധതിയുടെ നടത്തിപ്പ് ഇനിയെങ്ങനെയാകുമെന്ന സംശയം ഉയരുന്നു.
കോവിഡിന്റെ ആഗമനവും രണ്ടു തെരഞ്ഞെടുപ്പും കാരണം കുറച്ചുകാലമായി പദ്ധതിയുടെ പ്രവർത്തനം മന്ദഗതിയിലായിരുന്നു. ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് ശബരി വിമാനത്താവളം.
ഗതാഗത വകുപ്പിന്റെ കീഴിലാണു സംസ്ഥാനത്തെ വ്യോമയാന വിഭാഗമെങ്കിലും വിമാനത്താവളങ്ങൾ സംബന്ധിച്ച കാര്യങ്ങളുടെ മേൽനോട്ടം മുഖ്യമന്ത്രിക്കാണ്.
വിമാനത്താവളത്തിനായി ഭൂമിയുടെ സ്ഥലമെടുപ്പ് സംബന്ധിച്ച് റവന്യു വകുപ്പിന്റെ നിലപാടും നിർണായകമായിരുന്നു.
വിമാനത്താവള നിർമാണത്തിന് അനുയോജ്യമായ സ്ഥലം ഏറ്റെടുക്കാൻ അഞ്ചു വർഷമായി സർക്കാർ നടത്തിവരുന്ന വ്യവഹാരങ്ങളുടെ ഭാഗമായി പാലാ കോടതിയിൽ ഫയൽ ചെയ്ത അന്യായത്തിൽ വാദം തുടരുകയാണ്.
തിരുവല്ല ബിലീവേഴ്സ് ചർച്ചിനു കീഴിലെ അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ കൈവശമാണ് നിലവിൽ ചെറുവള്ളി എസ്റ്റേറ്റ്.
ഈ സ്ഥലം സർക്കാരിന്റേതാണെന്ന വാദവുമായാണു കോട്ടയം കളക്ടർ പാലാ സബ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനു കളക്ടറെ ചുമതലപ്പെടുത്തിയ റവന്യു വകുപ്പ് ഉത്തരവ് അന്നു ഹൈക്കോടതി സ്റ്റേയും ചെയ്തിരുന്നു.
തോട്ടത്തിന്റെ അവകാശം ഉന്നയിച്ച് 31 കക്ഷികളാണു പാലാ കോടതിയിൽ അന്യായം ഫയൽ ചെയ്തിട്ടുള്ളത്.
ഭൂമിയുടെ ഉടമസ്ഥതയും നഷ്ടപരിഹാരവും സംബന്ധിച്ച കേസുകൾ സ്ഥലമെടുപ്പിനെ ബാധിക്കില്ല എന്നതിനാൽ പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്പോഴാണ് ഡിജിസിഐയുടെ തിരിച്ചടി.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ, നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കൽ (ഡിപിആർ), പരിസ്ഥിതി ആഘാത പഠനം, കേന്ദ്ര സർക്കാരിന്റെ അനുമതി എന്നിവയ്ക്കായി നടപടി ആരംഭിക്കാനിരിക്കെ പദ്ധതി ഇനിയെങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്നതു വിശദ പഠനങ്ങൾക്കുശേഷം മാത്രമാകും.
മുന്പ് ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി നികുതി വകുപ്പ് കണ്ടുകെട്ടിയതിനു പിന്നിൽ ശബരി വിമാനത്താവളം പദ്ധതിക്കു തുരങ്കം വയ്ക്കാനുള്ള ബിജെപിയുടെ നീക്കമെന്ന് ആരോപണം ഉയർന്നിരുന്നു.
ഇപ്പോൾ ഡിജിസിഎയും പദ്ധതിയ്ക്കു എതിർപ്പുമായി വന്നതോടെ വിമാനത്താവളം പദ്ധതി തകർക്കാനുള്ള രാഷ്ട്രീയ ശ്രമമായും ആരോപണമുണ്ട്.
വിമാനത്താവളത്തെ സംബന്ധിച്ചു സംസ്ഥാനം തയാറാക്കി നൽകിയ ടെക്നോ ഇക്കോണമിക്കൽ ഫീസിബിലിറ്റി റിപ്പോർട്ടും സംസ്ഥാനം ചുമതലപ്പെടുത്തിയ അമേരിക്കൻ കന്പനിയായ ലൂയി ബർഗർ കണ്സൾട്ടൻസിയുടെ റിപ്പോർട്ടും വിശ്വാസ യോഗ്യമല്ലെന്നാണ് ഡിജിഎസ്എയുടെ വാദം.
ഇതാണ് സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്കു മേൽ തിരിച്ചടിയായിരിക്കുന്നത്.
ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം തിരുവനന്തപുരം, നെടുന്പാശേരി എന്നീ വിമാനത്താവളങ്ങളിൽനിന്നുമുള്ള ദൂരപരിധി സംബന്ധിച്ചുള്ള വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്.
വന്യജീവി സംരക്ഷണം, പരിസ്ഥിതി ദുർബലപരിധി സംബന്ധിച്ച പഠനം എന്നീ കാര്യങ്ങളിലും വ്യക്തത വരുത്തിയതിനുശേഷം മാത്രം സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലേക്കു മുതിർന്നാൽ മതിയെന്നു പ്രധാന കേന്ദ്ര ഏജൻസികളെല്ലാം നിലപാട് ശക്തമാക്കുന്നതോടെ ശബരിമല വിമാനത്താവളത്തിലേക്കു സംസ്ഥാന സർക്കാരിനെത്താൻ വലിയ കടന്പകൾ കടക്കേണ്ടിവരും.