കൊച്ചി: ശബരിമല നിലയ്ക്കലില്‍ താത്കാലിക ഹെലിപാഡാണ് നിലവിലുള്ളതെന്നും ഇവിടെ റെഗുലര്‍ സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും ഹൈക്കോടതി.
അടിയന്തര ആവശ്യങ്ങള്‍ക്കാണ് നിലയ്ക്കലിലെ താത്കാലിക ഹെലിപാഡ് ഉപയോഗിക്കുന്നത്. മണ്ഡല മകരവിളക്കു സീസണില്‍ ഇത് ഉപയോഗിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ടെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
നിലയ്ക്കലിൽ എത്തിയാല്‍ പിന്നെ എല്ലാവരും സാധാരണ തീര്‍ഥാടകരാണ്. ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാനാകില്ല. ഇക്കാര്യം ദേവസ്വം ബോര്‍ഡ് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ശബരിമലയിലേക്ക് ഹെലികോപ്ടര്‍ സര്‍വീസ് നടത്തുന്നുവെന്നു വ്യക്തമാക്കി എന്‍ഹാന്‍സ് ഏവിയേഷന്‍ സര്‍വീസസ് എന്ന കമ്പനി ഒരു വെബ്സൈറ്റില്‍ പരസ്യം നല്കിയതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്വമേധയാ പരിഗണിച്ച ഹര്‍ജി തീര്‍പ്പാക്കിയാണ് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് ഇതു പറഞ്ഞത്.
കേരള പോലീസ് ആക്ട് പ്രകാരമുള്ള പ്രത്യേക സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് നിലയ്ക്കലെന്ന് കോടതി പറഞ്ഞു. പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്ന് 800 മീറ്റര്‍ മാത്രമാണ് ഹെലിപാഡിലേക്കുള്ള ദൂരം.
സീസൺ അല്ലാത്തപ്പോള്‍ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രം കൂടിയാണിതെന്നും ഹൈക്കോടതി വിലയിരുത്തി.
ഒരേസമയം രണ്ടു ഹെലികോപ്ടറുകള്‍ക്ക് ഇവിടെയിറങ്ങാനാകും. 2018 മുതല്‍ ഇതുവരെ 12 തവണയാണ് ഇവിടെ ഹെലികോപ്ടര്‍ ഇറങ്ങിയിട്ടുള്ളതെന്നും ഡിവിഷന് ബെഞ്ച് വിലയിരുത്തി.
തങ്ങളുടെ ഹെലികോപ്ടര്‍ സര്‍വീസ് ഉപയോഗിച്ച് ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യമൊരുക്കുമെന്ന് പരസ്യത്തില്‍ കമ്പനി പറഞ്ഞിരുന്നു. ഇങ്ങനെ പറയരുതായിരുന്നെന്ന് ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.