കോട്ടയം: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ സുപ്രീംകോടതി വിധി പ്രസ്താവിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ എൽഡിഎഫും യുഡിഎഫും ബിജെപിയും തങ്ങളുടെ നയം എന്തെന്നു വിശദീകരിക്കാൻ യോഗം സംഘടിപ്പിക്കുന്നു. എൽഡിഎഫ് യോഗം ഇന്നും യുഡിഎഫ് യോഗം മറ്റെന്നാളും കോട്ടയത്തു നടക്കും.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനും എൽഡിഎഫിനുമെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എൽഡിഎഫ് സംഘടിപ്പിക്കുന്ന നയവിശദീകരണ യോഗം ഇന്നു വൈകുന്നേരം അഞ്ചിനു കോട്ടയത്ത് നടക്കും. എൽഡിഎഫ് ജില്ലാ കമ്മിറ്റിയാണ് നയവിശദീകരണയോഗം സംഘടിപ്പിച്ചിരിക്കുന്നത്.
സമ്മേളനത്തിനു മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രവർത്തകർ ചെറിയ പ്രകടനങ്ങളായി നാഗന്പടം മുനിസിപ്പൽ മൈതാനത്ത് എത്തും.തുടർന്ന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, സി.കെ. നാണു എംഎൽഎ, വൈക്കം വിശ്വൻ, കെ.ജെ. തോമസ്, സ്ക്റിയ തോമസ്, ബാബു കാർത്തികേയൻ, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, എൽഡിഎഫ് ജില്ലാ കണ്വീനർ പ്രഫ. എം.ടി. ജോസഫ് എന്നിവർ പ്രസംഗിക്കും. അരലക്ഷം പ്രവർത്തകരെ പൊതുയോഗത്തിൽ പങ്കെടുപ്പിക്കാനാണ് എൽഡിഎഫ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. പരമാവധി വനിതകളെ സമ്മേളനത്തിൽ എത്തിക്കാൻ നേതൃത്വം കീഴ് ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സിപിഎം നേതൃത്വത്തിൽ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഏരിയാ സെക്രട്ടറിമാർ നയിക്കുന്ന കാൽനട പ്രചാരണ ജാഥയും അടുത്ത മാസം ആദ്യം ആരംഭിക്കും. തുടർന്ന് ബ്രാഞ്ച് അടിസ്ഥാനത്തിൽ വീടുകൾ കയറിയുള്ള പ്രചാരണ പരിപാടികളും സിപിഎം നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുണ്ട്.
എൽഡിഎഫിനും മുഖ്യമന്ത്രിക്കും മറുപടിയായിട്ടാണ് മറ്റന്നാൾ യുഡിഎഫ് രാഷ്ട്രീയ നയവിശദീകരണയോഗം സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ചിന് തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ നടക്കുന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നത് എഐസിസി ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി, കേരള കോണ്ഗ്രസ് എം ചെയർമാൻ കെ.എം. മാണി, ജോസ് കെ. മാണി, ജോണി നെല്ലൂർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.എഫ്. തോമസ് തുടങ്ങി യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ സമ്മേളത്തിൽ പങ്കെടുക്കുന്നുണ്ട്. രാഷ്ട്രീയ നയവിശദീകരണ യോഗം വിജയമാക്കുവാനായി യുഡിഎഫിന്റെ മണ്ഡലം നേതൃയോഗങ്ങൾ നടന്നു വരുകയാണ്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെപിസിസി സംഘടിപ്പിച്ചിരിക്കുന്ന കാൽനട വാഹന ജാഥകൾ 10 മുതൽ 14 വരെ ജില്ലയിൽ പര്യടനം നടത്തും. തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്യാപ്റ്റനായി തൊടുപുഴയിൽനിന്നും ആരംഭിക്കുന്ന കാൽനട ജാഥ പാലാ, ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി വഴി പത്തനംതിട്ടയിൽ സമാപിക്കും.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപിയും ശക്തമായ പ്രചരണമാണ് നടത്തുന്നത്. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുയോഗം അടുത്തയാഴ്ച സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. 30നകം എല്ലാ പഞ്ചായത്തിലും ബിജെപി പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്.
നവംബർ ആദ്യവാരം നിയോജകമണ്ഡലം പ്രസിഡന്റുമാർ നയിക്കുന്ന കാൽനട ജാഥയും രണ്ടാം വാരം എൻഡിഎ ജില്ലാ കണ്വീനരും ബിജെപി ജില്ലാ പ്രസിഡന്റുമായ എൻ. ഹരി ക്യാപ്റ്റനായി ജില്ലതലത്തിൽ പ്രചാരണ വാഹന ജാഥയും സംഘടിപ്പിക്കുന്നുണ്ട്.