കോഴിക്കോട്: മണ്ഡല പൂജയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെ ശബരിമലയിലേക്ക് യുവതികള്‍ എത്തിയത് ആസൂത്രിതമായെന്ന് സംഘപരിവാര്‍ സംഘടനകളുടെ വിശദീകരണം. 22 മുതല്‍ 29 വരെ ആര്‍എസ്എസിന്റെ പ്രാഥമിക സംഘ ശിക്ഷാവര്‍ഗ് (ഐടിസി ക്യാമ്പ്) നടക്കുന്ന സാഹചര്യം കണക്കിലെടുത്താണ് യുവതികള്‍ മലചവിട്ടാനെത്തിയതെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ വ്യക്തമാക്കുന്നത്.
മണ്ഡലമാസ ആദ്യ ദിവസങ്ങളിലുണ്ടായ യുവതികളുടെ വരവ് മാറ്റി നിര്‍ത്തിയാല്‍ അടുത്തിടെയൊന്നും ശബരിമലയിലേക്ക് യുവതികളാരും എത്തിയിരുന്നില്ല. ഓരോ ജില്ലയില്‍ നിന്നും ദിവസം 400 ഓളം സംഘാംഗങ്ങള്‍ ശബരിമലയില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു യുവതികളാരും ഇക്കാലയളവില്‍ എത്താതിരുന്നത്.
അതേസമയം 22 മുതല്‍ 29 വരെ ക്യാമ്പ് നടക്കുന്നുണ്ടെന്നറിഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളിലായി യുവതികള്‍ എത്തിയത്. ഇക്കാര്യം വാട്സ് ആപ്പ് ഗ്രൂപ്പിലും മറ്റു സോഷ്യല്‍ മീഡിയകള്‍ വഴിയും സംഘപരിവാര്‍ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 37 കേന്ദ്രങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്.
ഒരു ക്യാമ്പില്‍ ട്രെയിനിംഗില്‍ പങ്കെടുക്കുന്നവരുള്പ്പെടെ 250- 350 പ്രവര്‍ത്തകരുണ്ടാകും. ഇങ്ങനെ 37 ക്യാമ്പുകളിലായി വലിയൊരു വിഭാഗം സംഘപ്രവര്‍ത്തകര്‍ ഒതുങ്ങുമ്പോള്‍ സന്നിധാനത്തെ പ്രതിഷേധത്തിന്റെ മൂര്‍ച്ച കുറയുകയുമെന്നായിരുന്നു യുവതികളും അവര്‍ക്കു പിന്നിലുള്ളവരും കരുതിയത്. ആയിരത്തോളം പേര് ഒരുമിച്ചെത്തിയാല്‍ തടയുക എന്നത് പ്രതിഷേധകാര്‍ക്ക് അസാധ്യമാവുമെന്നും ഇതോടെ യുവതി പ്രവേശം യാഥാര്‍ഥ്യമാവുമെന്നും ഇവര്‍ കരുതി.
അതേസമയം “പരമേശ്വരനോടും ഭാരതമാതാവിനോടും നല്കിയ പ്രതിജ്ഞ പാലിക്കാന്‍ തയാറായ പതിനായിരങ്ങള്‍ നാട്ടിലും മേട്ടിലും കാട്ടിലുമുണ്ടെന്നാണ്’ സംഘപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നത്. 300 യുവതികള്‍ സന്നിധാനത്തേക്ക് ഇനിയും എത്തുമെന്ന പ്രചാരണവും ശക്തമായുണ്ട്. സംസ്ഥാനത്ത് നിന്നു മാത്രമല്ല രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് യുവതികള്‍ എത്തുന്നതെന്നാണ് പ്രചരിക്കുന്നത്.
മനിതി ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ സംഘടനകളെല്ലാം ചേര്‍ന്നാണ് ഇത്തരമൊരു പ്ലാറ്റ്ഫോം ഉണ്ടാക്കിയതെന്നും സംഘപ്രവര്‍ത്തകര്‍ പറയുന്നുണ്ട്. 23 ന് സന്നിധാനത്തെത്തുമെന്ന് മനിതി സംഘടന നേരത്തെ പ്രഖ്യാപിച്ചിരുന്നു. 23 ന് പുലര്‍ച്ചെ തന്നെ അവര്‍ പമ്പയിലെത്തുകയും ചെയ്തു. അന്ന് വൈകുന്നേരം വയനാട്ടിലെ ദളിത് ആക്ടിവിസ്റ്റായ അമ്മിണിയും മനിതിയുടെ രണ്ടാം സംഘത്തിലെ മൂന്ന് യുവതികളും ശബരിമലയിലേക്ക് യാത്ര തിരിച്ചെങ്കിലും ഇവര്‍ക്ക് പത്തനംത്തിട്ടയില്‍ നിന്ന് മടങ്ങിപോകേണ്ടി വന്നു. 24 ന് പുലര്‍ച്ചെയാണ് ബിന്ദുവും കനകദുര്ഗയുമെത്തിയത്.