തൃശൂർ: ശബരിമലയ്ക്ക് പോയ യാത്രയുടെ ദുരനുഭവങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് തൃശൂർ കൈപ്പറന്പ് സ്വദേശിയും വാദ്യകലാകാരനുമായ അർജുൻ തെക്കേടത്തിന്റെ കുറിപ്പ് വൈറലായി.
കഴിഞ്ഞ 26 വർഷമായി ശബരിമലയ്ക്ക് പോകുന്ന തനിക്ക് ഇതുപോലെ ഒരു ദുരിതയാത്ര ഉണ്ടായിട്ടില്ലെന്ന് അർജുൻ ഏതാനും ചെറു കുറിപ്പുകളിലൂടെ വളരെ തീക്ഷ്ണവും ശക്തവും അതേസമയം രസകരവുമായി അവതരിപ്പിച്ചിട്ടുണ്ട്.
കഠിനമീയാത്ര എന്ന ടൈറ്റിലോടെയാണ് അർജുൻ തന്റെ എഫ്ബി പോസ്റ്റിട്ടിരിക്കുന്നത്. ശബരിമല ദർശനം കഴിഞ്ഞ് എന്തോ ഭാഗ്യത്തിന് വീട്ടിൽ തിരിച്ചെത്താനായി എന്ന് ആശ്വസിക്കുന്ന അർജുൻ ഗതാഗതക്കുരുക്കിനെ ബ്ലോക്ക് എന്ന മരണക്കിണർ എന്നാണ് വിശേഷിപ്പിക്കുന്നത്.
അഞ്ചാറു മണിക്കൂർ കൊണ്ട് തൃശൂരിൽ നിന്ന് ശബരിമലയ്ക്ക് എത്തിയിരുന്നെങ്കിൽ ഇത്തവണ അത് 13 മണിക്കൂറാക്കിത്തന്നതിന് നന്ദിയും പറയുന്നുണ്ട്.
നിലക്കലിലെ ബേയ്സ് ക്യാന്പിലെ ശുചിമുറികളിൽ അഞ്ചു ബക്കറ്റു കൊണ്ട് അയ്യായിരം പേരുടെ കാര്യനിർവഹണത്തിന് ചുക്കാൻ പിടിച്ചവർക്കും അർജുൻ കൈകൂപ്പി നന്ദി പറയുന്നു.
കോളിഫോം ബാക്ടീരിയ നാണിച്ച് തല താഴ്ത്തുന്ന പുണ്യനദിയെന്ന് പന്പയെ ഏറ്റവും വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.ഒരാൾക്ക് രണ്ടു ബിസ്കറ്റ് കൊടുത്ത് ജയിലിൽ ഇടുന്നതാണോ തിരുപ്പതി മോഡൽ എന്നും ചോദ്യമുയർത്തുന്നുണ്ട്.
ശബരിമല മാലിന്യമലയായി തീർന്നതിന്റെ വിഷമവും ഭക്തർ ഇങ്ങനെ ആകരുതെന്ന പ്രാർഥനയും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്. വെർച്വൽ ക്യൂവല്ല മറിച്ച് വിരട്ടൽ ക്യൂവാണ് നാലുമണിക്കൂർ നേരമുണ്ടായിരുന്നതെന്നും പരാമർശമുണ്ട്.
ഭക്തരെ അമിത ചാർജ് വാങ്ങി പിഴിയുന്ന കെ എസ് ആർ ടി സിക്കുമുണ്ട് മാഫിയാർടിസി എന്നുള്ള വിമർശനം.നെയ്തേങ്ങ നിറച്ചുകൊണ്ടുപോയതുകൊണ്ടു മാത്രം ദർശനം നടത്തി തിരിച്ചുവന്നെന്നും അവിടെയെത്തുന്പോഴേക്കും ഭക്തിയെല്ലാം പോയിരുന്നുവെന്നും മണിക്കൂറുകൾ ഒരേ ഇരിപ്പ് ഇരിക്കേണ്ടി വന്നതിന്റെ ബുദ്ധിമുട്ട് അമ്മയ്ക്കും മറ്റുമുണ്ടായെന്നും അർജുൻ പറഞ്ഞു.
എഫ്ബി പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെ…
ഇത്രയധികം സഹായം ചെയ്ത് തന്ന അധികൃതരോട് തീർത്താൽ തീരാത്ത നന്ദി….26 വർഷമായി മലയ്ക്ക് പോകുന്നു. ഇത്രയൊക്കെ ഉണ്ടായാലും അടുത്ത വർഷം ഞാൻ ഉൾപ്പെടുന്ന അയ്യപ്പ സമൂഹം നാളെയും വരുമെന്ന ആ ഉറപ്പിലാണ് നിങ്ങൾ ഇത്ര ലാഘവത്തോടെ കാര്യങ്ങൾ ചെയ്യുന്നത്…. ഇനി ഒരു പുൽമേട് ദുരന്തം ഉണ്ടാവാതിരിക്കാൻ ഭാഗവാനോട് പ്രാർത്ഥിക്കുകയല്ലാതെ വേറെ നിവൃത്തി ഇല്ലാതെ പോയി…നന്ദി… നന്ദി.. നന്ദി….
സ്വന്തം ലേഖകൻ