പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന് തീവ്രവാദ ഭീഷണി ഉണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് നിലനിൽക്കെ ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും തന്ത്ര പ്രധാന ദൃശ്യങ്ങൾ യുട്യൂബിലൂടെ പ്രദർശിപ്പിച്ചതിലൂടെ ഏതെങ്കിലും തരത്തിലുള്ള ഭീഷണി ക്ഷേത്രത്തിനു ഭാവിയിലുണ്ടാകുന്നില്ലെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.
ഇതു സംബന്ധിച്ചു മനുഷ്യാവകാശ കമ്മീഷനിൽ ജനശാക്തീകരണ കേന്ദ്രം സംസ്ഥാന സെക്രട്ടറി ബാലൻ വല്ലന നൽകിയ പരാതി പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം കമ്മീഷണറോടും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്ന് ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി നൽകിയ റിപ്പോർട്ടിലാണ് ക്ഷേത്രത്തിനു ഭീഷണിയാകില്ലെന്നു റിപ്പോർട്ട് നൽകിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ ആറിന് ശബരിമലയിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലിക്യാം ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ നിന്നു ലഭിച്ച ദൃശ്യങ്ങളാണ് യു ടൂബിൽ ഇട്ടത്. പോലീസിന്റെ ശ്രദ്ധയിൽ ഇതുപെട്ടതിനേതുടർന്ന് പിൻവലിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ദുരുദ്ദേശം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും പ്രദർശിപ്പിച്ചവർക്ക് അത്തരത്തിൽ എന്തെങ്കിലും ലക്ഷ്യങ്ങൾ ഇതിനു പിന്നിലുണ്ടായിരുന്നില്ലെന്നുമാണ് പോലീസ് റിപ്പോർട്ട്.