കോഴിക്കോട്: ശബരിമലയെ തകർക്കുകയെന്ന സിപിഎമ്മിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ഹിന്ദുവിശ്വാസികളോട് ചെയ്ത കൊലച്ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ പിൻഗാമികൾപോലും അയ്യപ്പ ശാപത്തിൽനിന്നും രക്ഷപെടില്ല. നിരീശ്വരവാദികളായ ഭരണകൂടത്തിന്റെ ചെയ്തികൾ വിശ്വാസികളുടെ നെഞ്ചിൽ വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ മുറിവ് ഉണങ്ങില്ല. സിപിഎമ്മിന്റെ ഈ ചെയ്തികൾ വിനാശകാലെ വിപരീത ബുദ്ധി എന്നുമാത്രമാണ് പറയാനുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആധുനിക ഔറംഗസേബാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം കേരളത്തിൽനിന്നും തൂത്തെറിയപ്പെടും. യുവതീ പ്രവേശത്തോടെ ബിജെപി പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സർക്കാർ നടപടികൾക്കെതിരെ ബിജെപി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.