കാഞ്ഞിരപ്പള്ളി: മുച്ചക്ര വാഹനം തകരാറിലായി ശബരിമല തീർഥാടകൻ വഴിയിൽ കുടുങ്ങിയത് നാലു ദിവസം.
ഒടുവിൽ സുമനസുകളായ രണ്ട് സര്‍ക്കാര്‍ ജീവനക്കാരുടെയും ഒരു വര്‍ക്ക് ഷോപ്പ് ഉടമയുടെയും സഹായത്തോടെ വാഹനത്തിന്റെ തകരാര്‍ പരിഹരിച്ച് വികലാംഗനായ തീര്ഥാടകന് യാത്ര തുടര്‍ന്നു.
ജന്മനാ ഇരുകാലുകള്‍ക്കും ശേഷിക്കുറവുള്ള വൈക്കം സ്വദേശി കൊച്ചുപുത്തേടത്ത് ശശികുമാറാണ് തീർഥാടനത്തിനിടെ വഴിയില്‍ നാലു ദിവസം കുടുങ്ങിയത്.
ഒന്നിന് വീട്ടില്‍ നിന്നു പുറപ്പെട്ട ശശികുമാറിന്റെ സ്കൂട്ടര്‍ എരുമേലിയിലെത്തിയപ്പോഴാണ് നിന്നു പോയത്.
പിന്നീട് സ്റ്റാര്‍ട്ടാകാതെ വന്നതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി എരുമേലിയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂട്ടര്‍ വര്‍ക്ക് ഷോപ്പുകളില്‍ കാണിച്ചിട്ടും തകരാര്‍ പരിഹരിക്കാന്‍ സാധിച്ചില്ല.
സ്കൂട്ടർ ഷോറൂമിലെത്തിച്ചാലേ തകരാര്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് വർക്ക് ഷോപ്പുകാര്‍ അറിയിച്ചു.
എരുമേലിയില്‍ സഹായം ലഭിക്കാതെ വന്നതോടെ ഇദ്ദേഹം സ്കൂട്ടര്‍ പെട്ടി ഓട്ടോയില്‍ കയറ്റി 16 കിലോമീറ്റര്‍ ഇപ്പുറം കാഞ്ഞിരപ്പള്ളിയിലെ ഒരു വര്‍ക്ക്ഷോപ്പില്‍ എത്തിച്ചു.
വാഹനത്തിന്റെ ക്ലച്ചും പാക്കിംഗും എയര്‍ ഫില്‍റ്ററും തകരാറിലായതാണെന്നും ഇവ മാറ്റി സ്ഥാപിക്കാന്‍ 1500 രൂപ ആകുമെന്നും വര്‍ക്ക്ഷോപ്പ് ഉടമ അറിയിച്ചു.
ശശികുമാറിന്റെ കൈവശം അത്രയും പണമില്ലാതിരുന്നതിനാല്‍ അടുത്തുള്ള കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് ഓഫീസിലെത്തി സഹായമഭ്യർഥിച്ചു.
ഓഫീസിലെ ജീവനക്കാർ ആവശ്യമായ പണം നല്കി സഹായിച്ചു. വര്‍ക്ക്ഷോപ്പ് ഉടമ പണിക്കൂലി വാങ്ങാതെ പാര്‍ട്സുകള്‍ മാറ്റി സ്ഥാപിച്ച് തകരാര്‍ പരിഹരിക്കുകയും ചെയ്തു.
താലൂക്ക് ഓഫീസിലെ ജീവനക്കാർക്കും വര്‍ക്ക്ഷോപ്പ് ഉടമയ്ക്കും നന്ദി പറഞ്ഞ് ശശികുമാര്‍ വീണ്ടും ശബരിമലയിലേക്ക് യാത്ര തിരിച്ചു.