ശബരിമല: 17ന് നട തുറന്നതിനുശേഷം ഇതുവരെ 34പേരാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി സന്നിധാനം കാര്‍ഡിയോളജി സെന്ററിലെത്തിയത്. ഇതില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന അഞ്ചുപേര്‍ മരിച്ചു. 2017-18ല്‍ 281 പേര്‍ക്കാണ് സന്നിധാനത്ത് ഹൃദയാഘാതമുണ്ടായത്. ഇതില്‍ 36പേര് മരിച്ചു. 2018-19ല്‍ ചികിത്സ തേടിയ 173പേരില്‍ 24 മരിച്ചു. വര്‍ഷം ശരാശരി രണ്ടുലക്ഷത്തിലേറെ പേര് സന്നിധാനത്ത് ചികിത്സ തേടുന്നുവെന്നാണ് കണക്ക്.
നിലയ്ക്കല്‍, പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിലാണ് ഒരു കാര്‍ഡിയോളജിസ്റ്റും ഒരു ഫിസിഷ്യനും ഉള്‍പ്പെട്ട കാര്‍ഡിയോളജി സെന്ററുകള്‍ ഒരുക്കിയിട്ടുള്ളത്. ചരല്‍മേടിലും പ്രത്യേക മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത്ലാബുകള്‍ ഉള്‍പ്പെടെ രണ്ട് കാര്‍ഡിയോളജി വിദഗ്ധരുടെ സേവനം ലഭിക്കും.
പത്തനംതിട്ട, എരുമേലി, ചെങ്ങന്നൂര്‍ ആശുപത്രികളില്‍ കാര്‍ഡിയോളജിസ്റ്റിന് പുറമെ ഫിസിഷ്യന്‍, സര്ജന്, എല്ല് രോഗവിദഗ്ധന്, ശിശുരോഗ വിദഗ്ധന്‍, അസിസ്റ്റന്റ് സര്ജന് എന്നിവരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.
മലകയറ്റത്തിനിടയിലും സന്നിധാനത്തും ഹൃദസ്തംഭനമുണ്ടാകുന്നവര്ക്ക് പ്രാഥമിക ശുശ്രൂഷ നല്കി അവരുടെ ജീവന് നിലനിര്‍ത്തി വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലെത്തിക്കാനുള്ള സര്‍വസജ്ജീകരണങ്ങളും ഈ സെന്ററുകളില്‍ ഒരുക്കിയിട്ടുണ്ട്. രോഗികളെ കൊണ്ടുപോകുന്നതിന് രണ്ട് ആള്ടെറൈല് ആംബുലന്‍സുകളാണ് 24 മണിക്കൂറും സജ്ജമായി സന്നിധാനത്തുള്ളത്.
പമ്പയില്‍ രണ്ട് എഎല്‍എസ് സ്പോര്‍ട്ട് ആംബലുന്‍സും രണ്ട് പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ സൗകര്യവും ലഭ്യമാണ്. അടിയന്തരഘട്ടങ്ങളില്‍ നിലയ്ക്കലും ഒരു എഎല്‍എസ് ആംബലുന്‍സ് ഒരുക്കിയിട്ടുണ്ട്. ഒരേസമയം അതീവ ഗുരുതരാവസ്ഥയിലുള്ള നാല് രോഗികളെ പത്തനംതിട്ട ആശുപത്രിയിലെത്തിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഗുണം.
തീർഥാടകര്ക്കുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിപുലമായ സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്.
പമ്പ മുതല്‍ സന്നിധാനംവരെ അഞ്ച് കാര്‍ഡിയോളജി സെന്ററുകള്‍, അടിയന്തര ശുശ്രൂഷയ്ക്കായി ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ആള് ടെറൈന്‍ ആംബുലന്‍സ്, സ്ട്രെക്ചര്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. ഏകോപനത്തിനും ആശയവിനിയമത്തിനും കേന്ദ്രീകൃത ഹോട്ട്ലൈന്‍ കണ്ട്രോള് റൂം സംവിധാനവുമുണ്ട്. മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രശോഭ് ഇനോസ്, ഡോ. പി. മനോജ്കുമാര്‍, ഡോ. ജിനു ജി. തോമസ് എന്നിവരാണ് സന്നിധാനത്തെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.