എരുമേലി: ശബരിമലതീർഥാടനത്തിന് 25 അംഗ സംഘത്തിനൊപ്പം മകനുമായി വന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ കാനന പാതയിലേക്കുള്ള വഴിയിൽ നെഞ്ചുവേദനയെത്തുടർന്നു മരിച്ചു. ഒപ്പമുള്ള സംഘം ആശുപത്രിയിൽ എത്തിക്കാൻ പോലും നിൽക്കാതെ ശബരിമല യാത്ര തുടർന്നപ്പോൾ അച്ഛന്റെ മൃതദേഹവുമായി കണ്ണീരോടെ നിന്ന മകനു തുണയായതു പോലീസ്.
കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ എരുമേലിയിലെ കാനന പാത ആരംഭിക്കുന്ന കോയിക്കക്കാവിലാണ് സംഭവം. ചെന്നൈ കൃഷി വകുപ്പിലെ കമ്മീഷണറേറ്റ് ഓഫീസിലെ സൂപ്രണ്ട് തിരുവള്ളൂർ തിരുമുല്ലൈവയൽ സ്വദേശി എം.ശ്രീധർ (48) ആണ് മരിച്ചത്.
കടുത്ത നെഞ്ചുവേദനയെത്തുടർന്നു കുഴഞ്ഞുവീണ ശ്രീധറിനെ മകൻ അജിത് കുമാർ താങ്ങിയെടുത്ത് ഇരുത്തി. ഒപ്പമുണ്ടായിരുന്ന തീർഥാടക സംഘം സമീപത്തെ കച്ചവടക്കാരെ അറിയിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിൽ മകനും സുഹൃത്തും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.
എരുമേലി പോലീസ് എത്തി റവന്യൂ വകുപ്പിൽ ബന്ധപ്പെട്ടു നടപടി പൂർത്തിയാക്കി ആരോഗ്യവകുപ്പിന്റെ ആംബുലൻസിൽ ഇന്നലെ മൃതദേഹം നാട്ടിലെത്തിച്ചു. ഒപ്പമുള്ള തീർഥാടക സംഘം ആശുപത്രിയിൽ എത്താതിരുന്നത് മൃതദേഹം ദർശിച്ചാൽ ശബരിമലയാത്ര ഉപേക്ഷിക്കേണ്ടി വരുമെന്നതിനാലാണെന്നു പോലീസ് പറഞ്ഞു. കൺമുമ്പിൽ അച്ഛന്റെ വിയോഗം കണ്ടു പൊട്ടിക്കരയുകയായിരുന്ന മകനെ ആശ്വസിപ്പിച്ചു സഹായവുമായി പോലീസ് ഒപ്പമുണ്ടായിരുന്നു.