തിരുവനന്തപുരം: വർക്കല ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിൽ ദുരൂഹതയുണ്ടെന്നും തന്റെ കുടുംബത്തിന്റെ സൽപ്പേര് താറുമാറാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും കെ.എസ് ശബരീനാഥൻ എം.എൽ.എ. തന്റെ ഫേസ് ബുക്ക് പേജിലാണ് ശബരീനാഥൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഇന്നലെ രാവിലെ മുതൽ നവമാധ്യമങ്ങളിലും പത്രത്തിലും വർക്കലയിലെ ഒരു ഭൂമിഇടപാടുമായി ബന്ധപെട്ടു എന്റെയും ഭാര്യ ദിവ്യയുടെയും പേര് വലിച്ചിഴയ്ക്കുന്നത് കണ്ടു. ഈ വിഷയത്തെക്കുറിച്ചു ഞാൻ ആദ്യം അറിയുന്നത് കുറച്ചു ദിവസങ്ങൾക്കുമുമ്പ് വർക്കല എംഎൽഎ വി.ജോയ് തന്നെ സ്വകാര്യ സംഭാഷണത്തിൽ എന്നോട് പറയുമ്പോഴാണ്.
ഈ വിഷയം അറിയില്ല, നമ്മൾ ഇതൊന്നും വീട്ടിൽ ചർച്ചചെയ്യാറില്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടതുമാണ്. അതിനുശേഷം ജോയ് തന്നെ, ഞാൻ ഈ കേസിൽ തെറ്റായി ഇടപെട്ടു എന്നു പരാതികൊടുത്തതിൽ ദുരൂഹതയുണ്ട്.
സർക്കാരിന്റെ ഭാഗമായി ആത്മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്.
എന്നാൽ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധർമ്മമല്ലെന്നും ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപ്പോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ.എസ് ശബരീനാഥൻ പറയുന്നു.