തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിൽ പ്രായപരിധി മാനദണ്ഡമാകില്ലെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിലപാടിനോട് മുതിർന്ന നേതാക്കളും യോജിച്ചതോടെ അധ്യക്ഷ സ്ഥാനത്തിനായി നേതാക്കളുടെ വടംവലി തുടങ്ങി.
ഈ വിഷയം സംബന്ധിച്ച് ചർച്ച ചെയ്യാൻ രാഹുൽ ഗാന്ധിയുമായി കെ.സുധാകരൻ ചർച്ച നടത്തും. ഇന്നു തന്നെ കെ.സുധാകരൻ ഡൽഹിക്കു പോകുമെന്നാണ് അറിയുന്നത്.
രാഹുൽ ഗാന്ധിയുടെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാകും. ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിൽ കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നടപ്പാക്കിയ 60 വയസ് പ്രായപരിധി ഇത്തവണ ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്.
പ്രായപരിധിയിൽ കാര്യമില്ലെന്ന നിലപാടാണ് കെ.സുധാകരന്. തന്റെ പ്രായം തന്നെയാണ് സുധാകരൻ ഉയർത്തിക്കാട്ടുന്നത്.
പുതിയ ഡി സി സി അദ്ധ്യക്ഷന്മാരുടെ നിയമനം സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾക്കും തുടക്കമായി. കെപിസിസി ഭാരവാഹികളെ തീരുമാനിക്കും മുന്പുതന്നെ ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കാനാണ് സാധ്യത.
ആലപ്പുഴ, പാലക്കാട് ഉൾപ്പടെയുളള ജില്ലകളിലെ ഡി സി സി അദ്ധ്യക്ഷന്മാർ രാജി വച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് കെ.എസ് ശബരീനാഥിന്റെയും പാലക്കാട് വി.ടി ബൽറാമിന്റെയും പേരുകൾ നേതൃത്വം പരിഗണിക്കുന്നുണ്ട്.
അതേസമയം വി. എസ് ശിവകുമാർ, പാലോട് രവി, ശരത് ചന്ദ്ര പ്രസാദ് തുടങ്ങിയവരും ഡി സി സി അദ്ധ്യക്ഷ പദത്തിനായി തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.
കൊല്ലത്ത് ശൂരനാട് രാജശേഖരൻ, ആർ ചന്ദ്രശേഖരൻ, എ ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല എന്നിവരും പത്തനംത്തിട്ടയിൽ ശിവദാസൻ നായരും പഴകുളം മധുവും പരിഗണിക്കപ്പെടുന്നുണ്ട്.
കോട്ടയത്ത് ടോമി കല്ലാനിയും തൃശൂരിൽ പത്മജ വേണുഗോപാലിന്റെയും പാലക്കാട് എ.വി ഗോപിനാഥിന്റെയും പേരുകൾ പരിഗണനയിലുണ്ട്.