ശബരിമല : ശബരിമല അയ്യപ്പ സ്വാമിയെ സേവിക്കാനായത് പുണ്യമായി കരുതുന്നെന്ന് ശബരിമല സ്പെഷൽ പോലീസ് ഓഫീസർ പി. കെ. മധു. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസറുടെ ചുമതലയുള്ള പി. കെ. മധു ഡിസംബർ 31 നാണ് ഒൗദ്യോഗികമായി സംസ്ഥാന പോലീസ് സേനയിൽ നിന്നും വിരമിക്കുന്നത്.
ഈ തീർഥാടന കാലം ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുന്പ് ശബരിമല സ്പെഷൽ ഓഫീസറായി ചുമതലയേറ്റ മധു 30 ന് മലയിറങ്ങും. ഇത് രണ്ടാം തവണയാണ് ശബരിമല പോലീസ് സേനയുടെ മുഴുവൻ ചുമതലയുള്ള സ്പെഷൽ പോലീസ് ഓഫീസറാകുന്നത്. 1987 ൽ സബ് ഇൻസ്പെക്ടറായി കേരള പോലീസിൽ പ്രവേശിച്ച മധു ആ വർഷം മുതൽ മുടങ്ങാതെ ശബരിമലയിലും പന്പയിലും സേവനത്തിന് എത്തുമായിരുന്നു.
ശബരിമലയിലെ ഒരോ സേവനത്തിനു ശേഷവും തിരികെ മലയിറങ്ങുന്പോൾ മനസിനും ശരീരത്തിനും പ്രത്യേക ഉണർവ്വ് ലഭിക്കുമെന്നും അദ്ദേഹം പറയുന്നു. അടുത്ത വർഷം ശബരിമലയിൽ സേവനത്തിന് എത്താൻ കഴിയില്ല എങ്കിലും സർവ്വീസിൽ നിന്ന് വിരമിക്കുന്നത് ശബരിമലയിലെ സേവനത്തിന് ശേഷമായതിൽ സന്തോഷം ഉളവാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.