ചെന്നൈയില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സീരിയല്‍ താരം സബര്‍ണ മലയാളികള്‍ക്കും സുപരിചിത. മലയാളം ചാനലുകളില്‍ സൂപ്പര്‍ഹിറ്റായി ഓടുന്ന രണ്ടു സീരിയലുകളില്‍ സബര്‍ണ നിര്ണായകറോളുകള് അവതരിപ്പിച്ചിരുന്നു. ഏഷ്യാനെറ്റിലെ ഹരിചന്ദം, മഴവില്‍ മനോരമയിലെ മായമോഹിനി എന്നീ സീരിയലുകളിലാണ് അവര്‍ അഭിനയിച്ചിരുന്നത്. വെള്ളിയാഴ്ച്ചയാണ് സബര്‍ണയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എല്ലാവരോടും വളരെയടുത്ത് പെരുമാറിയിരുന്ന സബര്‍ണ അടുത്തിടെ വലിയ സന്തോഷത്തിലായിരുന്നില്ലെന്ന് അടുപ്പമുള്ളവര്‍ പറയുന്നു.
ശക്തയായ സ്ത്രീയായിരുന്നു സബര്ണയെന്നും നിരവധി വ്യക്തിപരമായ പ്രശ്നങ്ങള്‍ അലട്ടിയിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു. പലതവണ കടുത്ത ടെന്ഷനില് സബര്‍ണയെ കണ്ടിട്ടുണ്ടെന്നും എന്നാല്‍ മരണം പ്രതീക്ഷിച്ചിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ക്കുന്നു. നടിയുടെ മരണം സീരിയല്‍ മേഖലയില്‍ വലിയ മ്ലാനതയ്ക്കു കാരണമായിട്ടുണ്ട്. ചെന്നൈയിലെ വീട്ടില്‍ സബര്‍ണ്ണ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. അച്ഛന് അനന്ദ് കുമാറും അമ്മ പുഷ്പ ലതയും സഹോദരനും വിരുഗംബാക്കത്താണ് താമസം. ഇവര്‍ക്കും ആത്മഹത്യാ കാരണത്തെ കുറിച്ച് സൂചനയൊന്നുമില്ല. മകള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാനായിരുന്നു ഇഷ്ടമെന്ന് ഇവരും പറയുന്നു.
ചെന്നൈയിലെ മധുരോവയലിലെ വീട്ടിലാണ് സബര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താരത്തിന്റെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൂന്നു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നു. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു പോലീസ് എത്തി വാതില്‍ ചവുട്ടിത്തുറന്ന് അകത്തുകടക്കുകയായിരുന്നു. സണ്‍ ടിവിയിലെ ഹിറ്റ് സീരിയലായ പസമലര്‍ അടക്കം നിരവധി സീരിയലുകളില്‍ ശ്രദ്ധേയ വേഷം അഭിനയിച്ച നടിയാണ് സബര്‍ണ. വിജയ് ടിവിയുടെ പുതു കവിതെ അടക്കം നിരവധി ഷോകളും അവര്‍ ചെയ്തിട്ടുണ്ട്.