പത്തനംതിട്ട: വേറിട്ട കാഴ്ചകളുമായി ശബരിമല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തീർഥാടകരെ കയറ്റിവിട്ടു തുടങ്ങിയ ശബരിമല സന്നിധാനത്ത് ഇന്നലെ ദർശനത്തിനെത്തിയത് വളരെകുറച്ച് ഭക്തർ മാത്രം.
കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് 21 വരെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ പ്രതിദിനം 250 പേർ എന്ന കണക്കിൽ അയ്യപ്പഭക്തർക്ക് ശബരിമലയിൽ ദർശനം നടത്താമെന്നാണ് ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ തുലാമാസപൂജയ്ക്ക് നടതുറന്ന വെള്ളിയാഴ്ച ആരെയും കയറ്റിവിട്ടില്ല. ഇന്നലെ രാവിലെ ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം തീരെ കുറവായിരുന്നു.
ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരാണ് എത്തിയതിലേറെയും. ഇന്നലെ വൈകുന്നേരമായിട്ടും നൂറ്റന്പതിൽതാഴെ ഭക്തർ മാത്രമാണ് ദർശനം നടത്തിയതെന്നാണ് ലഭിക്കുന്നവിവരം.
നിലയ്ക്കലിൽ തീർഥാടകരെ കോവിഡ് പരിശോധന നടത്തിയാണ് പന്പയിലേക്ക് കടത്തിവിടുന്നത്.
ദർശനത്തിനെത്തുന്ന ഭക്തരെ പന്പാനദിയിൽ ഇറങ്ങാനോ ദേഹശുദ്ധി വരുത്താനോ അനുവദിക്കുന്നില്ല. പകരം പൈപ്പുവെള്ളത്തിൽ കുളിച്ച് വേണം മലകയറാൻ.
സന്നിധാനത്ത് ഭക്തർക്ക് നെയ്യഭിഷേകത്തിന് നെയ്യ് നൽകാനുമാവില്ല. വിരിവയ്ക്കാനോ താമസിക്കാനോ പന്പയിലും സന്നിധാനത്തും ഭക്തരെ അനുവദിക്കുന്നുമില്ല.
അയ്യപ്പഭക്തർക്ക് പ്രസാദം വിതരണം ചെയ്യാനും അപ്പം, അരവണ, ആടിയശിഷ്ടം നെയ്യ് എന്നിവ ലഭ്യമാക്കാനും സന്നിധാനത്ത് ദേവസ്വം ബോർഡ് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ദർശനത്തിനെത്തിയ അയ്യപ്പഭക്തർക്ക് അന്നദാനം നൽകുന്നുണ്ട്. പൊതുഗതാഗതം അനുവദിച്ചിട്ടില്ലാത്തതിനാൽ അയ്യപ്പഭക്തർ സ്വന്ത വാഹനങ്ങളിലാണ് വരുന്നത്. ഇതാകട്ടെ പന്പയിൽ പാർക്കു ചെയ്യാൻ അനുവദിക്കില്ല.
ഡ്രൈവർമാരുമായി എത്തുന്നവർക്കു മാത്രമേ ദർശനത്തിനു പോകാൻ കഴിയുന്നുള്ളൂ. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെയാണ് വെർച്വൽക്യൂ മുഖേന രജിസ്റ്റർ ചെയ്തവരും വരാൻ മടിച്ചത്. നേരത്തേ ആരംഭിച്ച ബുക്കിംഗിൽ അഞ്ചുദിവസത്തേക്കുമുള്ള ബുക്കിംഗ് പൂർത്തീകരിച്ചിരുന്നതാണ്.
ദേവസ്വം ജീവനക്കാർക്ക് കെഎസ്ആർടിസി ബസെത്തിക്കും
ശബരിമലയിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കായി ബസ് ഓണ് ഡിമാൻഡ് പദ്ധതി പ്രകാരം പ്രത്യേക നിരക്കിൽ പന്പയിലേക്ക് സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.
ശബരിമലയിലേക്ക് പോകുന്ന ഭക്തർക്കും ജീവനക്കാർക്കും 40 പേരിൽ കുറയാത്ത യാത്രാക്കാരുള്ള സമയങ്ങളിൽ ആവശ്യമുള്ള സർവീസുകൾ നടത്താൻ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ അറിയിച്ചു.
കഴിഞ്ഞ ദിവസം പത്തനംതിട്ട കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും 17 ദേവസ്വം ജീവനക്കാർക്ക് പന്പയിലേക്ക് ബസ് വിടണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
നിലവിലെ സാന്പത്തികസ്ഥിതിയിൽ നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് 40 യാത്രക്കാരില്ലാതെ സർവീസ് നടത്താനാകില്ലെന്ന് എംഡി പറഞ്ഞു.ദേവസ്വം ജീവനക്കാർ 35 പേർ ഒന്നിച്ചെത്തിയാലും ബോണ്ട് സർവീസ് നടത്താൻ തയാറാണെന്നും അറിയിച്ചിട്ടുണ്ട്.
ഒരു ബസ് ഒരു കിലോമീറ്റർ ഓടുന്പോൾ സ്പെയർപാർട്സ്, ഇന്ധനച്ചെലവ് ഇനത്തിൽ 25 രൂപയോളം വരും. ഈ സാഹചര്യത്തിൽ 17 ജീവനക്കാരുമായി സർവീസ് നടത്താനാകില്ലെന്ന് ദേവസ്വം കമ്മീഷണറെയും കെഎസ്ആർടിസി അറിയിച്ചിരുന്നു.