ചിറ്റൂർ: വടവന്നൂർ മലയന്പള്ളത്തെ സബീഷിന്റെ വീട്ടിലെത്തിയാൽ അതിഥികൾക്ക് നല്ല അവിൽകിട്ടും. അവിലിന്റെ രുചിയറിഞ്ഞ് അന്വേഷിക്കുന്നവർക്ക് തനി പാലക്കാടൻ രുചി പകരുന്ന ഞവരുടെയോ രക്തശാലിയുടെയോ അരിയും കിട്ടും. ഇനി ഇതൊന്ന് കൃഷി ചെയ്യണമെന്ന് ആത്മാർഥമായി ആഗ്രഹമുള്ളവർക്ക് ഇതിന്റെ വിത്തും കിട്ടും.
പഴമയുടെ രുചി സ്വയം ആസ്വദിക്കുക മാത്രമല്ല, അത് കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കാൻ കൂടിയാണ് സബീഷിന്റെ ശ്രമം. പാടങ്ങളിൽനിന്നു മറയുന്നതും ഒൗഷധഗുണങ്ങളുള്ളതുമായ ഞവര, രക്തശാലി, കുങ്കമശാലി, കവഞ്ഞി, കൃഷ്ണകമോദ് തുടങ്ങിയ അഞ്ചിനം നെൽവിത്തുകൾ സബീഷിന്റെ വയലിലുണ്ട്.
വടവന്നൂരിലും പട്ടഞ്ചേരിയിലുള്ള അഞ്ചേക്കറിലാണ് നെൽകൃഷി. വടവന്നൂരിലുള്ള ഒന്നരയേക്കറിലാണ് പരന്പരാഗത നെൽവിത്തുകളുള്ളത്. ബാക്കിയിടങ്ങളിൽ ഉമ, ജ്യോതി വിത്തുകളുമുണ്ട്. പൂർണമായും ജൈവരീതിയിലാണ് കൃഷി വയലിനടുത്ത് നിർമിച്ച കുളങ്ങളിൽ മീൻവളർത്തി അവയിലെ വെള്ളം വയലിലേക്കും ഉപയോഗിക്കും. റോഹു, മൃഗാൽ, വരാൽ തുടങ്ങിയ മത്സ്യങ്ങളാണ് കുളങ്ങളിലുള്ളത്.
ആട്ടിൻകാഷ്ഠം, ഗോമൂത്രം തുടങ്ങിയവയും വളമായി ചെടികളിലെത്തുന്നുണ്ടെന്ന് സബീഷ് പറയുന്നു. അച്്ഛൻ ചാമിമലയിൽ നിന്നാണ് സബീഷ് പരന്പരാഗത കൃഷി ഏറ്റുപിടിക്കുന്നത്. ചെറുപ്പംമുതൽ കൃഷിയോടു താത്പര്യമുള്ളതിനാൽ സാന്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടും കൃഷി ഉപേക്ഷിച്ചില്ല.
കഴിഞ്ഞ 22 വർഷമായി കൃഷി തന്നെയാണ് ജീവിതോപാധി, പരന്പരാഗത നെൽവിത്തുകളുടെ വ്യാപനത്തിനും നല്ല ഭക്ഷണത്തിനുംവേണ്ടിയാണ് കൃഷിനടത്തുന്നതെന്ന് സബീഷ് പറയുന്നു. വിത്തിന്റെയും അരിയുടെയും അവിലിന്റെയും രൂപത്തിലാണ് നെൽമണികൾ ജനങ്ങളിലെത്തുന്നത്.ഒരു കിലോ നെൽവിത്തിന് 120 രൂപയും അരിക്കും അവിലിനും 200 രൂപയുമാണ് വില. തവിടു കളയാതെയാണ് നല്കുതെന്നതിനാൽ ആവശ്യക്കാർ വീട്ടിലെത്തും.
ചുവന്നനിറമാണ് ഞവരയുടെയും രക്തശാലിയുടെയും അരിക്ക്.ഞവരക്കിഴി പ്രയോഗത്തിനടക്കം പല ആയുർവേദ ചികിത്സയ്ക്കും ഞവര ഉപയോഗിക്കുന്നു. വെളുത്ത അരിയാണ് കുങ്കമശാലിക്ക്. അന്നജം കുറവായതിനാൽ കവഞ്ഞി പ്രമേഹരോഗികൾക്കും നല്ലതാണെന്ന് സബീഷ് പറയുന്നു. ഈ പ്രയത്്നങ്ങൾക്കുള്ള അംഗീകാരമെന്നോണം ഇത്തവണത്തെ ജില്ലാ ആത്മ പുരസ്കാരവും സബീഷിനാണ്.