കാണമല: വനംവകുപ്പിൽ നിന്നുള്ള വാർത്ത കണ്ട് ആദ്യം ഞെട്ടിയത് വനപാലകർ. വാർത്ത വായിച്ച നാട്ടുകാരും അന്തംവിട്ടു. 21 കിലോമീറ്റർ ദൂരമുള്ള ശബരിമല വനപാത വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കിയെന്നാണ് മാധ്യമങ്ങളിൽ വനം വകുപ്പിന്റേതായി വാർത്ത വന്നത്. എരുമേലിയിൽ നിന്ന് അയ്യപ്പ ഭക്തർ ശബരിമലയിലേക്ക് വനത്തിലൂടെ നടന്ന് യാത്ര ചെയ്യുന്ന പരമ്പരാഗത കാനന പാതയാണ് സഞ്ചാരയോഗ്യമാക്കിയതായി വാർത്ത വന്നത്.
അതേസമയം ഇപ്പോഴും പൊന്തക്കാടുകൾ തിങ്ങിവളർന്നു നിൽക്കുകയാണ് ഈ പാതയിൽ. കാട് വെട്ടലിന് ഇതുവരെ ജോലികളൊന്നും തുടങ്ങിയിട്ടില്ല. അടുത്ത അഞ്ചിന് വനംവകുപ്പ് യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലാണ് കാട് തെളിക്കൽ ജോലികൾ, കടകളുടെ ലേലം എന്നിവയ്ക്ക് തീരുമാനമാവുക.
അഴുത മുതൽ പമ്പ വരെയാണ് കാനന പാതയുടെ ദൈർഘ്യം. അഴുതയിലേക്ക് കണമല വഴി റോഡ് മാർഗം എത്താം. അഴുതയാർ അക്കരെ കടന്നാണ് കാനനയാത്ര ആരംഭിക്കുന്നത്. അഴുത വരെ എരുമേലിയിലെ ഇരുമ്പൂന്നിക്കരയിൽ നിന്നാരംഭിക്കുന്ന കാനന പാതയുണ്ട്. ഈ പാത കാളകെട്ടി ശിവപാർവതി ക്ഷേത്രത്തിലാണ് അവസാനിക്കുന്നത്.
തുടർന്ന് ഇവിടെ നിന്ന് അഴുത വഴി കാനനയാത്ര തുടരുന്നു. ഇടുക്കി ജില്ലയിലെ സത്രം ഉപ്പുപാറ പുല്ലുമേട് വഴി മറ്റൊരു കാനന പാത കൂടിയുണ്ട് ശബരിമലയ്ക്ക്. ഈ മൂന്ന് പാതകളും വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ്. ആനകളും വന്യമൃഗങ്ങളും നിറഞ്ഞ ഈ പാതകൾ ശബരിമല തീർഥാടനകാലത്താണ് ജനസഞ്ചാരത്തിലായി മാറുന്നത്.
പലപ്പോഴും കാട്ടുമൃഗങ്ങളുടെ ഉപദ്രവങ്ങൾക്ക് തീർഥാടകർ ഇരയായിട്ടുണ്ട്. ശബരിമല തീർഥാടനം ആരംഭിക്കുന്നതിന് മുമ്പ് വനംവകുപ്പിലെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ നാട്ടുകാരും വനപാലകരും ചേർന്നാണ് ഈ പാതകൾ വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കുക. വനം വകുപ്പാണ് ഈ പാതകളിൽ കടകൾ നടത്താൻ കർശന വ്യവസ്ഥകളോടെ അനുമതി നൽകുക. കടകൾ നടത്തുന്നവർ തീർഥാടകർക്ക് വിവിധ സേവനങ്ങളും ലഭ്യമാക്കണം.
ഇതു കൂടാതെ വനംവകുപ്പിന്റെ സേവനകേന്ദ്രങ്ങൾ, ആരോഗ്യ വകുപ്പിന്റെ ക്ലിനിക്കുകൾ ഓക്സിജൻ പാർലറുകൾ, അഗ്നിശമനസേനയുടെ യൂണിറ്റ്, പോലീസ് എയ്ഡ് പോസ്റ്റ്, എലിഫന്റ് സ്ക്വാഡ് തുടങ്ങിയവയും പ്രവർത്തിക്കും. തീർഥാടനകാലം പാതിയോളം എത്തുമ്പോഴാണ് കാനനപാതകളിൽ തീർഥാടകർ സജീവമാവുക.
കഴിഞ്ഞ വർഷം പത്തു ലക്ഷം പേരോളം തീർഥാടനയാത്ര നടത്തിയെന്നാണ് വനംവകുപ്പിലെ കണക്ക്. എന്നാൽ പാതകൾ സഞ്ചാരയോഗ്യമാക്കിയെന്ന വനംവകുപ്പിലെ വാർത്ത എങ്ങനെ സംഭവിച്ചതാണെന്ന് അറിയില്ലെന്ന് പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ പറയുന്നു. കാട് മൂടിയ പാതയിലേക്ക് നോക്കി നാട്ടുകാരും ആശ്ചര്യത്തിലാണ്.