പഴയങ്ങാടി: ചൂട്ടാട് ബീച്ചിൽ തിരയിൽപ്പെട്ട കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.കല്യാശേരി കെ.പി.ആർ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും മാങ്ങാട്ട് ജുമാ മസ്ജിദിലെ ദർസ് വിദ്യാർഥിയുമായ കെ.പി.സാബിത്തിന്റെ (13) മൃതദേഹമാണ് ഇന്ന് രാവിലെ 6.30 ഓടെ പുതിയങ്ങാടി കടപ്പുറത്തിന് സമീപം കണ്ടെത്തിയത്. മാങ്ങാട്ടെ ബിക്കിരയൻപറമ്പ് സ്വദേശി കെ.വി. നൗഷാദ് -അഫ്സസത്ത് ദമ്പതികളുടെ മകനാണ്.
മാങ്ങാട് ജുമാ മസ്ജിദിലെ ദർസ് അധ്യാപകനോടൊപ്പം ഒൻപതംഗ സംഘമാണ് ഇന്നലെ ചൂട്ടാട് ബീച്ച് പാർക്കിലെത്തിയത്. ഇവരെല്ലാം കടലിൽ കുളിക്കവേ തിരയിൽപ്പെടുകയും സാബിത്തിനെ കാണാതാകുകയുമായിരുന്നു. വളപട്ടണം മറൈൻ എൻഫോഴ്സ്മെന്റ്, പോലീസ്, കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചേർന്ന് രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും സാബിത്തിനെ കണ്ടെത്താനായില്ല. തിരച്ചിൽ ഇന്നു രാവിലെ ആരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. സശ്വിയാണ് ഏക സഹോദരി.