തൊടുപുഴ: ഒഡീഷ സ്വദേശിനിയായ എസ്റ്റേറ്റ് തൊഴിലാളി യുവതിയെ ക്രൂരമായി പീഡിപ്പിച്ച് വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ശിക്ഷ ഇന്ന്. പീരുമേട് കുട്ടിക്കാനം കള്ളിവേലിൽ എസ്റ്റേറ്റിൽ ജീവനക്കാരിയും ഒഡീഷ സ്വദേശി കുന്ദൻമാജിയുടെ ഭാര്യയുമായ സബിത മാജിയെ (32) പീഡിപ്പിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പീരുമേട് കച്ചേരിക്കുന്ന് ഭാഗത്ത് രജ്ഞിനി നിവാസിൽ വിശ്വനാഥന്റെ (56) ശിക്ഷ തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ഇന്ന് വിധിക്കും. ഇതേ എസ്റ്റേറ്റിലെ തൊഴിലാളിയും അടുത്ത ലയത്തിലെ താമസക്കാരനുമായിരുന്ന പ്രതി വിശ്വനാഥന് സബിതാ മാഞ്ചിയോട് തോന്നിയ അടങ്ങാത്ത അഭിനിവേശമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.
2017ജനുവരി ഒന്നിന് ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഒഡീഷയിൽ നിന്നും ജോലി തേടി എത്തിയതായിരുന്നു കുന്ദൻമാജിയും കുടുംബവും. കുട്ടിക്കാനം കള്ളിവേലി എസ്റ്റേറ്റിലെ താമസക്കാരായിരുന്ന കുന്ദൻമാജിയും ഭാര്യ സബിത മാജിയും. സംഭവത്തിനു മുൻപും പ്രതി വിശ്വനാഥൻ സബിത മാജിയെ ലൈംഗിക താൽപര്യത്തോടെ സമീപിച്ചിരുന്നു. ഇത് എതിർത്തതിനെ തുടർന്ന് സബിതാ മാജിയോട് പ്രതി വിരോധം വച്ചുപുലർത്തിയിരുന്നു. പിന്നീട് അവസരം കിട്ടിയപ്പോൾ അടുത്ത ലയത്തിലെ താമസക്കാരനായ ഒഡീസ സ്വദേശി പ്രഹ്ളാദ പുത്രയുടെ സഹായത്തോടുകൂടി പ്രതി സബിത മാജിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവ ദിവസം എസ്റ്റേറ്റിൽ അവധി ദിവസമായിരുന്നതിനാൽ തോട്ടത്തിൽ മറ്റു തൊഴിലാളികൾ ഇല്ലാത്ത അവസരം മുതലെടുത്താണ് പ്രതി കൊലപാതകം നടത്തിയത്. ഇതിനായി പദ്ധതി തയാറാക്കിയ പ്രതി രണ്ടാം പ്രതിയായ പ്രഹ്ളാദ പുത്രയോട് താൻ സംഭവ സ്ഥലത്തിനടുത്തുള്ള ചെക്ക് ഡാമിനോട് ചേർന്നുള്ള കാട്ടിൽ ഈറ്റ വെട്ടാൻ പോകുകയാണെന്നും അവധി ദിവസങ്ങളിൽ സാധാരണ വിറകു ശേഖരിക്കുന്നതിന് സബിത മാജി വരുന്ന സമയം നോക്കി കാട്ടിലേക്ക് കല്ലെറിഞ്ഞ് അടയാളം കാട്ടണമെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു.
ഇതനുസരിച്ച് രണ്ടാം പ്രതി സബിതാ മാജിയുടെ പിന്നിൽ അവർ കാണാതെ പതുങ്ങി വന്ന് ഈറ്റക്കാട്ടിലേക്ക് കല്ലെറിഞ്ഞ് സിഗ്നൽ കൊടുക്കുകയും അതനുസരിച്ച് പ്രതി യുവതിയെ തന്റെ കൈയിലിരുന്ന വാക്കത്തികൊണ്ട് തലയുടെ പിന്നിൽ അടിക്കുകയും അതേ തുടർന്ന് ബോധം കെട്ട് വീണ ഇവരെ മാനഭംഗപ്പെടുത്തി.തുടർന്ന് വീണ്ടും മാനംഭംഗപ്പെടുത്തുന്നതിനായി രണ്ടാം പ്രതിയുടെ സഹായത്തോടെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് എടുത്തുകൊണ്ടുപോകുന്നതിനിടെ ബോധം വന്ന സബിതാ മാജി ഒരു മരക്കൊന്പിൽ കൈ ബലമായി പിടിച്ചു.
തുടർന്ന് പ്രതി മുഖത്തും കഴുത്തിനും വെട്ടി അതിക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.മൃതദേഹത്തിൽ 56-ാളം മുറിവുകൾ ഉണ്ടായിരുന്നു.തുടർന്ന് രണ്ടാം പ്രതിയുടെ സഹായത്തോടെ മൃതദേഹം കുറ്റിക്കാട്ടിലെ പുല്ലിന്റെ അടിയിൽ ഒളിപ്പിച്ചു.അവധി ദിവസം എസ്റ്റേറ്റിനു പുറത്ത് പണിക്ക് പോയ കുന്ദൻ മാജി വൈകുന്നേരം ജോലി കഴിഞ്ഞ് വന്നപ്പോൾ എസ്റ്റേറ്റ് ലയം പൂട്ടികിടക്കുന്നതായി കണ്ട് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിശദമായ അന്വേഷണത്തെ തുടർന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളുടെയും കേസിൽ മാപ്പുസക്ഷിയായ രണ്ടാം പ്രതി കോടതി മുന്പാകെ കൊടുത്ത നിർണായക മൊഴിയുടെയും ശാസ്ത്രീയ തെളിവുകളും നിരീക്ഷിച്ചാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പീരുമേട് സിഐ ആയിരുന്ന വി.ഷിബുകുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുര്യൻ ഹാജരായി.