അനുമോൾ ജോയ്
കണ്ണൂർ: വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്…വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം… നിറയെ ആഭരണങ്ങൾ അണിയണം…
കൈ നിറയെ മെഹന്തിയും, ആരും കണ്ടാലും ആകർഷിക്കുന്ന തരത്തിലുള്ള മേയ്ക്കപ്പും..അങ്ങനെ ഒത്തിരി ആഗ്രഹങ്ങളുണ്ടാകും വിവാഹത്തെക്കുറിച്ച്…
…എന്നാൽ, സാന്പത്തിക പരാധീനതകൾ മൂലം പലർക്കും ആഗ്രഹിച്ച രീതിയിലുള്ള വസ്ത്രങ്ങളോ മേയ്ക്കപ്പോ ചെയ്യാൻ സാധിക്കാറില്ല.
ആശങ്കവേണ്ട, വധുവിന്റെ സ്വപ്നങ്ങൾ പൂവണിഞ്ഞ് മനംപോലെ മംഗല്യം നടത്തിതരാൻ കണ്ണൂർ പാപ്പിനിശേരി സ്വദേശിനി തയാറാണ്.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തങ്ങളുടെ വിവാഹ സ്വപ്നങ്ങൾ പൂവണിയിക്കാൻ നാൽപതുകാരിയായ കെ.സബിത ഒപ്പം ഉണ്ട്.
ഒപ്പം സബിതയുടെ സ്ഥാപനവും. വില കൂടിയതും മനോഹരവുമായ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞുള്ള വിവാഹ സ്വപ്നങ്ങള്‍ നെയ്യുന്ന ഒരുപാട് നിര്‍ധന പെണ്‍കുട്ടികള്‍ക്കു ഇതിനകം തന്നെ കൈത്താങ്ങായി കഴിഞ്ഞു സബിത.
എട്ടു വര്‍ഷമായി വീടിനോട് ചേര്‍ന്ന് നടത്തുന്ന ” റെയിന്‍ ബോ ദി വിമന്‍ ഔട്ട് ഫിറ്റ്’ എന്ന ബുട്ടിക്ക് വഴി നിര്‍ധനരായ പെണ്‍കുട്ടികള്‍ക്കും വിവാഹ വസ്ത്രങ്ങള്‍ നല്കാറുണ്ടായിരുന്നു.
എന്നാല്‍ പലര്‍ക്കും എത്തിക്കുന്ന വസ്ത്രങ്ങള്‍ പാകമാകാത്തതിന്റെയും മറ്റും പ്രശ്നമുണ്ടായിരുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് വന്ന ഒരു ഫോൺ വിളിയില്‍ നിന്നാണ് അവര്‍ക്കായി ബുട്ടിക്ക് തന്നെ ഒരുക്കാമെന്ന ആശയത്തിലേക്ക് എത്തിയത്.
വഴിത്തിരിവായ ഫോൺവിളി…
ലോക്ക്ഡൗൺ കാലത്താണ് വിവാഹ വസ്ത്രം ആവശ്യപ്പെട്ടുള്ള ആദ്യ വിളി സബിതയെ തേടിയെത്തുന്നത്.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു വീട്ടിലെ പെൺകുട്ടിയുടേതായിരുന്നു. ലോക്ക്ഡൗണായത് കൊണ്ട് കടകളെല്ലാം അടഞ്ഞ് കിടക്കുകയായിരുന്നു.
അന്ന് വസ്ത്രം എത്തിക്കാൻ യാതൊരു വഴിയും ഇല്ലായിരുന്നു. എന്നാൽ, ഇക്കാര്യം വാട്സാപിലൂടെ പങ്ക് വച്ചതോടെ നിരവധിയാളുകൾ സഹായവുമായി എത്തി.
പുത്തൻ വസ്ത്രങ്ങൾ വരെ അവർ നൽകാൻ തയാറായിരുന്നു. എന്നാൽ, ലോക്ക്ഡൗണായത് കൊണ്ട് എത്തിക്കാൻ ബുദ്ധിമുട്ടാകുമെന്ന് പലരും പറഞ്ഞിരുന്നു.
എന്ത് ചെയ്യുമെന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു. അത്യാവശ്യമായി ആ പെൺകുട്ടിക്ക് വസ്ത്രം എത്തിക്കുകയും വേണം… പലരും അയക്കാൻ മാർഗമില്ലെന്ന് പറയുമ്പോഴും ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു.
വീട്ടുമുറ്റത്ത് നിറയെ വസ്ത്രങ്ങൾ
പിറ്റേ ദിവസം വീട് തുറന്ന് നോക്കിയപ്പോൾ കണ്ടത് വീടിനു മുന്നില്‍ നിറയെ വസ്ത്രങ്ങൾ. ഇതിൽ കൂടുതലും വിവാഹ ദിവസം മാത്രം ഉപയോഗിച്ച് മാറ്റി നിർത്തിയവയായിരുന്നു.
ന്യൂ ജെൻ പിള്ളേർക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള വസ്ത്രങ്ങൾ. ആദ്യം ഈ കാഴ്ചകണ്ട് ഒന്ന് ഞെട്ടിയെങ്കിലും ആ പെൺകുട്ടിക്ക് വസ്ത്രങ്ങൾ എത്തിക്കാൻ സാധിക്കുമല്ലോയെന്നൊരു സംതൃപ്തിയുണ്ടായിരുന്നു സബിതക്ക്.
ആ പെൺകുട്ടിക്ക് ആവശ്യമായ വസ്ത്രങ്ങൾ കൊടുത്ത ശേഷം ബാക്കി വന്ന വസ്ത്രങ്ങൾ എന്ത് ചെയ്യുമെന്ന ചിന്തയിൽ നിന്നാണ് ഇത്തരം ഒരു ആശയം രൂപം കൊണ്ടത്.
ആവശ്യക്കാർക്ക് നേരിട്ട് തെരഞ്ഞെടുക്കാം
വിലയേറിയ വിവാഹ വസ്ത്രങ്ങളും ബെഡ്ഷീറ്റ് തുടങ്ങിയവയും വിവാഹ ദിവസത്തില്‍ മാത്രം ഉപയോഗിക്കുന്നവരാണ് പലരും.
പിന്നീട്, അവ തിരിഞ്ഞു പോലും നോക്കാതെ അലമാരകളില്‍ സൂക്ഷിച്ചു വച്ചു നശിപ്പിക്കും.
വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതും വൃത്തിയുമുള്ള ഇത്തരം വസ്ത്രങ്ങളും മറ്റും ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് നേരിട്ടെത്തി തെരഞ്ഞെടുക്കാനുമായി പ്രത്യേകം സൗകര്യം ഒരുക്കണമെന്ന ആശയമാണ് സബിതയ്ക്കുണ്ടായത്.
ഇതോടെവീട്ടില് ” റെയിന്‍ബോ ഫ്രീ ബ്രൈഡല്‍ ഔട്ട് ഫിറ്റ് ‘ എന്ന പേരില്‍ മറ്റൊരു മുറി തയാറാക്കുകയായിരുന്നു. ഇവിടെ എത്തിയാല്‍ അര്‍ഹതപ്പെട്ടവര്‍ക്കു ഇഷ്ടമുള്ളതും പാകമായതുമായതുമെല്ലാം തെരഞ്ഞെടുത്തു പോകാം.
കഴിഞ്ഞ രണ്ടു മാസത്തിനകം സബിതയുടെ മറ്റു വനിതാ സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ണൂരില്‍ നിന്നു ഇതരജില്ലകളിലേക്കും ആ സഹായ വേരുകള്‍ വ്യാപിച്ചു. ഇതുവരെ നാലായിരം പെണ്‍ക്കുട്ടികളുടെ വിവാഹത്തിനു സബിതയുടെ സഹായമെത്തി.
ചെരുപ്പ്, ബെഡ് ഷീറ്റ്, അനുബന്ധ സാധനങ്ങള്‍, വിവാഹം കഴിഞ്ഞു വിരുന്ന് പോകുമ്പോള്‍ അണിയേണ്ട വസ്ത്രം വരെ സ്വയം തെരഞ്ഞെടുക്കാം.
കോവിഡ് കാലത്ത് നേരിട്ടു വരാന്‍ സാധിക്കാത്തവര്‍ക്കും എത്തിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്.
ലഭിച്ച വസ്ത്രങ്ങളെല്ലാം തന്നെ പുതുമയുടെ കാര്യത്തിലും വിലയുടെ കാര്യത്തിലും ഉയര്‍ന്നവയായിരുന്നുവെന്നും ഒരു ലക്ഷം രൂപയുടെ വിവാഹ വസ്ത്രം വരെ ലഭിച്ചിട്ടുണ്ടെന്നും സബിത പറയുന്നു.
കടൽകടന്നെത്തും വസ്ത്രങ്ങൾ
കടൽകടന്നും സബിതയെ തേടി വിവാഹ വസ്ത്രങ്ങളെത്തുന്നുണ്ട്. ലണ്ടനില്‍ നിന്നു വന്ന വിവാഹ ഗൗണുകള്‍ സബിതയുടെ ബുട്ടിക്കില്‍ ഉണ്ട്.
കണ്ണൂര്‍,പയ്യന്നൂര്‍,കോഴിക്കോട്, കാസർഗോഡ്, തിരൂര്‍, മഞ്ചേരി, വയനാട്, കൊല്ലം, കൊച്ചി, തൃശൂര്‍ ചാവക്കാട്, കൂര്‍ക്കഞ്ചേരി, ആലപ്പുഴ,പാലക്കാട്, തിരുവനന്തപുരം, മംഗളൂരു, ബീഹാര്‍, ഡല്‍ഹി, സൗദി, ദമാം എന്നിവിടങ്ങളിലായി വിവിധ ബുട്ടിക്കിന്റെ കൂടെ ഫ്രീ ബ്രൈഡല്‍ സെക്ഷന്‍ വ്യാപിച്ചിരിക്കുകയാണ്.
അടുത്തമാസം കൂര്‍ഗിലും തുടങ്ങും. ഫ്രീ ബ്രൈഡല്‍ സെക്ഷന്‍ എന്ന ആവശ്യവുമായി നിരവധിപേര്‍ സബിതയെ ദിവസേന സമീപിക്കാറുണ്ട്.
ഔട്ട്ലെറ്റുകള് തുറന്നെങ്കിലും സബിതയിലേക്ക് സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന ഒരുപാട് നന്മമനസുകളുണ്ട്. അവരുടെ സാധനങ്ങള്‍ കൃത്യമായി പരിശോധിച്ചു വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുമെന്നു കണ്ടെത്തിയാല്‍ അവ കൃത്യമായി പൊതിഞ്ഞു ആവശ്യമുള്ള ബുട്ടിക്കില്‍ എത്തിക്കും.
അല്ലെങ്കില്‍ നേരിട്ടു ഇവ എത്തിക്കും. ചിലര്‍ക്കു സാധനങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ സ്വന്തം കാറില്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു എവിടെയാണെങ്കിലും സാധനങ്ങള്‍ എത്തിക്കുകയും ചെയ്യും.
ഫ്രീ ബ്രൈഡല്‍ മേക്കപ്പും മെഹന്തിയും
സുന്ദരിയായി അണിയിച്ചൊരുക്കാനും തയാറായി രണ്ടു ബ്യൂട്ടിഷന്സും ഒപ്പമുണ്ട്.
20,000രൂപയിലധികം വരെ വരുന്ന പ്രത്യേക ബ്രൈഡല്‍ മേക്കപ്പും മെഹന്തിയും ഒക്കെ അണിയിച്ചു നിരവധി വിവാഹങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. താഴെചൊവ്വ സ്വദേശി ബിന്ദുവിന്റെ നേതൃത്വത്തിലാണ് മേക്കപ്പ് നടത്തുന്നത്.