ലുസാക: വനിതാ ലോകകപ്പിനു യോഗ്യത നേടിയ ടീമിലെ സ്ഥാനം നിലനിർത്തണമെങ്കിൽ തന്നോടൊപ്പം കിടക്ക പങ്കിടണമെന്ന് സാംബിയൻ ഫുട്ബോൾ ടീമിന്റെ പ്രധാന പരിശീലകൻ ആവശ്യപ്പെട്ടതായി ആരോപണം.
ടീമിന്റെ പ്രധാന പരിശീലകനായ ബ്രൂസ് എംവാപ്പെയ്ക്കെതിരെയാണു ഗുരുതര ആരോപണം ഉയർന്നത്. വനിതാ ലോകകപ്പിന് ആദ്യമായി യോഗ്യത നേടിയ സാംബിയൻ ടീം അടുത്ത മാസം ആരംഭിക്കുന്ന ടൂർണമെന്റിനായി പരിശീലനം നടത്തുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.
എന്നാൽ എംവാപ്പെയ്ക്കെതിരായ ആരോപണം 2022ൽ തന്നെ ഉയർന്നതാണെന്നും ഇക്കാര്യത്തിൽ ഫിഫ ഏറെനാളായി അന്വേഷണം നടത്തുകയാണെന്നും സാംബിയൻ ഫുട്ബോൾ വൃത്തങ്ങൾ അറിയിച്ചു.
ഇതിനിടെ സാംബിയൻ അണ്ടർ 17 വനിതാ ടീമിന്റെ പരിശീലകനെതിരെയും സമാനമായ ആരോപണം ഉയർന്നുവന്നിട്ടുണ്ട്.
എന്നാൽ കേസുകൾ ഒതുക്കിതീർക്കാനാണ് സാംബിയൻ ഫുട്ബോൾ അസോസിയേഷൻ ശ്രമിച്ചതെന്നും രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് യോഗ്യത നേടിത്തന്ന പരിശീലകനെതിരായ ആരോപണത്തിൽ ഇവർ കണ്ണടച്ചെന്നും ആരോപണമുണ്ട്.
ലൈംഗികാതിക്രമക്കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും ഇതിൽ ആരോപിതരായവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നുമാണ് ഫിഫ അറിയിച്ചത്.
സ്പെയിൻ, കോസ്റ്റ റിക്ക, ജപ്പാൻ എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് സിയിലാണ് വനിതാ ലോകകപ്പിൽ സാംബിയ ഉൾപ്പെട്ടിട്ടുള്ളത്. ജൂലൈ 22ന് ജാപ്പനെതിരെയാണ് ടീമിന്റെ ആദ്യ പോരാട്ടം.