പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ ശബരിമലയിൽ സുരക്ഷ ശക്തമാക്കി പോലീസ്. വനിതാ പ്രക്ഷോഭകരെ നേരിടാനുള്ള വനിതാ പോലീസ് സംഘം സന്നിധാനത്തെത്തി. 15 വനിതാ പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 50 വയസിന് മുകളിലുള്ളവരാണ് ഇവര്‍.
പമ്പയില്‍ നൂറു വനിതാപോലീസുകാരെ എത്തിച്ചിട്ടുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയും സായുധ പോലീസിനെ വിന്യസിച്ചു കർശനപരിശോധന നടത്തിയുമാണ് അയ്യപ്പഭക്തരെ മല കയറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ 2,300 ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 10നാണ് നട അടയ്ക്കുന്നത്. പിന്നെ മണ്ഡലകാല പൂജകള്‍ക്ക് വേണ്ടി നവംബര്‍ 16നാണ് നട തുറക്കുക.