കൊല്ലം: കേരളം വഴി സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിൻ സർവീസുകളിൽ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന ശബരി എക്സ്പ്രസിന് അടിമുടി മാറ്റം വരുന്നു. സെക്കന്തരാബാദ് – തിരുവനന്തപുരം സെൻട്രൽ റൂട്ടിലെ പ്രതിദിന സർവീസ് ആണ് ശബരി എക്സ്പ്രസ്.ഈ ട്രെയിന്റെ വേഗത വർധിപ്പിച്ച് സൂപ്പർ ഫാസ്റ്റ് ആക്കാനുള്ള നിർദേശം റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകരിച്ചു.
അന്തിമ അനുമതി സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. സൂപ്പർ ഫാസ്റ്റ് ആയി മാറുമ്പോൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. എക്സ്പ്രസിൽ 30 രൂപയാണ് ജനറൽ ടിക്കറ്റിൻ്റെ മിനിമം നിരക്ക്. അത് ഇനി 45 ആയി വർധിക്കും. ആനുപാതികമായി റിസർവേഷൻ നിരക്കുകളിലും വർധന ഉണ്ടാകും.
ട്രെയിൻ സർവീസിന്റെ തുടക്കത്തിലെയും അവസാനത്തെയും ടെർമിനലുകളിലും മാറ്റം ഉണ്ടാകും. ഇത് നൂറുകണക്കിന് യാത്രക്കാരെ ദോഷകരമായി ബാധിക്കും.പുതിയ നിർദേശം അനുസരിച്ച് സെക്കന്തരബാദിന് പകരം തൊട്ട് മുമ്പുള്ള ചെർലപ്പള്ളി സ്റ്റേഷനിൽ നിന്നായിരിക്കും വണ്ടി പുറപ്പെടുക.
യാത്ര അവസാനിക്കുന്നത് തിരുവനന്തപുരം നോർത്തിൽ (കൊച്ചുവേളി ) ആയിരിക്കും. തിരുവനന്തപുരം സെൻട്രലിലേക്ക് ശബരി പോകില്ല. ഫലത്തിൽ ചെർലപ്പള്ളി- കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് ട്രെയിനായി ശബരി മാറും. പുതിയ സ്റ്റേഷനുകളിലേക്ക് ടെർമിനലുകൾ മാറുന്നതോടെ ശബരിയുടെ സമയക്രമത്തിലും മാറ്റം നിർദേശിച്ചിട്ടുണ്ട്.
രാവിലെ 6.45 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 5.30നായിരിക്കും യാത്ര തിരിക്കുക. അടുത്ത ദിവസം രാത്രി 9.45 ന് ചെർലപള്ളിയിൽ എത്തും. തിരികെയുള്ള സർവീസ് രാവിലെ 9.45 ന് ചെർലപ്പള്ളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് സമയാറ്റം നിർദേശിച്ചിട്ടുള്ളത്.
നിലവിൽ ഐസിഎഫ് കോച്ചുകളാണ് ശബരിയിൽ ഉള്ളത്. ഇത് ഉടൻ തന്നെ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറും. സൗത്ത് സെൻട്രൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ളതാണ് ശബരി എക്സ്പ്രസ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് വണ്ടി കൊച്ചുവേളിയിൽ സർവീസ് അവസാനിപ്പിക്കാൻ പോകുന്നത്.
നിലവിൽ പാലക്കാട്, ഒറ്റപ്പാലം, വടക്കാഞ്ചേരി, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായുകുളം, കരുനാഗപ്പള്ളി, കൊല്ലം, വർക്കല, തിരുവനന്തപുരം എന്നിവയാണ് ശബരിയുടെ കേരളത്തിലെ സ്റ്റോപ്പുകൾ.
- എസ്.ആർ. സുധീർ കുമാർ