ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാസ്റ്റിക് എക്‌സ്‌ചേഞ്ച് കൗണ്ടര്‍

sabri-platicപത്തനംതിട്ട: മിഷന്‍ ഗ്രീന്‍ ശബരിമലയുടെ ഭാഗമായി ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാസ്റ്റിക് കവര്‍ എക്‌സ്‌ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ശബരിമല തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണി സഞ്ചി സൗജന്യമായി നല്‍കും.റെയില്‍വേ സ്‌റ്റേഷനിലെ അനൗണ്‍സ്‌മെന്റ് സംവിധാനം വഴി പ്ലാസ്റ്റിക്കിനെതിരെയും പമ്പയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെയും ബോധവത്കരണ സന്ദേശങ്ങള്‍ നല്‍കിത്തുടങ്ങി. സ്‌റ്റേഷന്‍ മാനേജര്‍ ഈപ്പന്‍ തോമസിന് സിഡി നല്‍കി എംപി ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും സംയുക്തമായാണ് കൗണ്ടര്‍ ആരംഭിച്ചിരിക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലാണ് റെയില്‍വേ അനൗണ്‍സ്‌മെന്റ്. തുണി സഞ്ചിക്കു പുറമെ ബോധവത്കരണ കാര്‍ഡുകളും കൗണ്ടറില്‍ നിന്ന് നല്‍കും. നഗരസഭാ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സുധാകരന്‍, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ രാധാകൃഷ്ണന്‍ നായര്‍, ടി.എം ജോസഫ്, കെ.ആര്‍. അജയ്, ജെറിന്‍ ജയിംസ്, ജി.ജയിംസ്, ആലപ്പുഴ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ അഖില്‍ പ്രകാശന്‍, അയ്യപ്പസേവാ സംഘം വൈസ് പ്രസിഡന്റ് അഡ്വ. ഡി.വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts