കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ ഹാജരാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. സംഘർഷത്തിൽ അറസ്റ്റിലായ അഭിഭാഷകന്‍റെ ജാമ്യഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിർദേശം.
സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങൾ നൽകാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സംഘർഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സർക്കാർ തയ്യാറാക്കിയത് സിപിഎം ഗ്രൂപ്പുകൾ വഴിയാണെന്നായിരുന്നു ഹർജിക്കാരന്‍റെ ആരോപണം.