തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫിന്റെയും ബിജെപിയുടെയും അനിശ്ചിതകാല സത്യഗ്രഹം രണ്ടാം ദിവസത്തിലേക്ക് കടന്നു. നിയമസഭയ്ക്കകത്ത് യുഡിഎഫ് എംഎൽഎമാരായ വി.എസ്.ശിവകുമാർ, എൻ.ജയരാജ്, പാറയ്ക്കൽ അബ്ദുള്ള എന്നിവരാണ് സത്യഗ്രഹം അനുഷ്ഠിക്കുന്നത്.
ബിജെപിയുടെ അനിശ്ചിതകാല സത്യഗ്രഹം സെക്രട്ടറിയേറ്റിന് മുന്നിലുമാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ഇന്നലെ രാവിലെയാണ് യുഡിഎഫും ബിജെപിയും സത്യഗ്രഹ സമരത്തിലേക്ക് കടന്നത്.
ബിജെപിയുടെ സത്യഗ്രഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ രാവിലെ നിയമസഭയ്ക്കകത്ത് വച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫിന്റെ ഉപവാസം പ്രഖ്യാപിച്ചത്. ശബരിമലയിലെ 144 പിൻവലിക്കുക, അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെയുള്ള പകപോക്കൽ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപിയുടെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടക്കുന്നത്.
സർക്കാർ സമവായത്തിന് തയാറാകുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ബിജെപിയുടെ നിലപാട്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എംപിയാണ് സമരം ഉദ്ഘാടനം ചെയ്തത്. ബിജെപി ദേശീയ നേതാവ് പ്രഹ്ളാദ് ജോഷി, സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള, ഒ.രാജഗോപാൽ എംഎൽഎ, സംസ്ഥാന നേതാക്കളായ സി.ശിവൻകുട്ടി, ജെ.ആർ.പത്മകുമാർ , തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് എന്നിവർ ഉദ്ഘാടന വേദിയിൽ പങ്കെടുത്തിരുന്നു.
ഓരോ ദിവസവും ഓരോ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് സമരപന്തലിൽ എത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചിട്ടുണ്ട്.