കാസർഗോഡ്: പഞ്ചായത്ത് അതിര്‍ത്തിക്കു പുറത്തായതിന്റെ പേരില്‍ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തില്‍നിന്ന് ആംബുലന്‍സ് ലഭിക്കാതെ പിക്കപ് വാനില്‍ ആശുപത്രിയിലെത്തിച്ച കോവിഡ് രോഗി മരിച്ചു.
വെള്ളരിക്കുണ്ടിനു സമീപം കൂരാംകുണ്ട് സ്വദേശി സേവ്യര്‍ വട്ടംതടത്തില് (സാബു -57) ആണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചത്.
വെള്ളരിക്കുണ്ട് ടൗണ്‍ പ്രദേശം ബളാല്‍ പഞ്ചായത്തിലും കഷ്ടിച്ച് മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള കൂരാംകുണ്ട് കിനാനൂര്‍-കരിന്തളം പഞ്ചായത്തിലുമാണ്.
സാബുവിന്റെ ഭാര്യ ആനിയും മകള്‍ റിയയും കോവിഡ് ബാധിതരായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം സാബുവിന് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ജില്ലാതല കോവിഡ് ഹെല്പ് ഡെസ്കിലേക്കു വിളിച്ച് 108 ആംബുലന്‍സിന്റെ സേവനം ആവശ്യപ്പെട്ടത്.
എന്നാല്‍ പരിശോധന കഴിയാത്തതുകൊണ്ട് സാബുവിന്റെ പേര് രോഗികളുടെ പട്ടികയില്‍ ഇല്ലെന്നും വെള്ളരിക്കുണ്ട് പിഎച്ച്സിയുടെ ആംബുലന്‍സ് കരിന്തളം പഞ്ചായത്തിലേക്കു നല്കാന് കഴിയില്ലെന്നുമായിരുന്നു മറുപടിയെന്ന് സാബുവിന്റെ ബന്ധു സജി എം. ജോര്‍ജ് പറയുന്നു.
ഒടുവില്‍ വെള്ളരിക്കുണ്ട് ആരോഗ്യകേന്ദ്രത്തില്‍നിന്ന് പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ വാങ്ങിയതിനുശേഷം ബന്ധുക്കള്‍ സ്വകാര്യ വാഹനത്തില്‍ രോഗിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇവിടെവച്ച് ആന്റിജന്‍ പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവാണെന്ന് കണ്ടതോടെ മറ്റു ചികിത്സകളൊന്നും നടത്താതെ കാഞ്ഞങ്ങാട്
ജില്ലാ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. ശ്വാസതടസം മൂലം അത്യാസന്ന നിലയിലായിരുന്ന രോഗിക്ക് ഇവിടെയും വെന്റിലേറ്റര്‍ സംവിധാനം ലഭിച്ചില്ല.
വീണ്ടും എട്ടു കിലോമീറ്റര്‍ അകലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, ആംബുലന്‍സ് ആവശ്യപ്പെട്ട് സാബുവിന്റെ ബന്ധുക്കള്‍ വിളിച്ചപ്പോള്‍ സ്ഥലം കരിന്തളം പിഎച്ച്സിയുടെ കീഴിലായതിനാല്‍ വിവരം അവിടേക്ക് കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നെന്നും അവിടെ ആംബുലന്‍സ് ലഭിച്ചില്ലെന്ന് അറിയിച്ചതോടെ വെള്ളരിക്കുണ്ടില്‍നിന്ന് പിപിഇ കിറ്റ് അടക്കം ബന്ധുക്കള്‍ക്ക് എത്തിച്ചുകൊടുത്തതായും വെള്ളരിക്കുണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത്ത് സി. ഫിലിപ്പ് പറഞ്ഞു.