പ്രമാദമായ പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പോലീസ് ചോദ്യം ചെയ്ത അയല്‍വാസി സാബു മരിച്ചനിലയില്‍. ജിഷയുടെ വീടിന്റെ തൊട്ടടുത്താണ് ഇയാളും താമസിച്ചിരുന്നത്. ഓട്ടോഡ്രൈവറായിരുന്ന സാബുവിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നുവ്യക്തമല്ല. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ജിഷ വധക്കേസില്‍ പ്രതി പിടിയിലായതോടെ പുതുജീവന്‍ കിട്ടിയത് ജിഷയുടെ അയല്‍വാസിയായ സാബുവിനാണ്. ജിഷ വധവുമായി ബന്ധപ്പെട്ട് പല്ലിന് വിടവുകള്‍ ഉള്ള സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ ഇയാളാണ് കൊലയാളിയെന്ന തരത്തില്‍ നാട്ടില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. മാനസികമായ ആഘാതത്തില്‍ നിന്ന് താന്‍ ഇപ്പോഴും മുക്തനായിട്ടില്ലെന്ന് അതിനുശേഷം സാബു പലതവണ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സാബുവിനെ സംശയമുണ്ടെന്ന് ജിഷയുടെ അമ്മ ആവര്‍ത്തിച്ചതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. മുന്‍ഭാഗത്തെ പല്ലുകള്‍ക്ക് വിടവുകള്‍ ഉളളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞതോടെ സാബുവാണ് പ്രതിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നു. സാബുവിന്റെ പല്ലുകളിലെ വിടവ് പലരുടെയും സംശയം ബലപ്പെടുത്തി. എന്നാല്‍ ഇയാള്‍ നിരപരാധിയാണെന്ന് കണ്ടു വിട്ടയയ്ക്കുകയായിരുന്നു. പോലീസില്‍ നിന്ന് ക്രൂരമായ പീഡനവും ഏറ്റുവാങ്ങേണ്ടിവന്നു.
ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് 35കാരനായ സാബു വീട്ടിലുണ്ടായിരുന്നു. സാബുവിന്റെ വീടിന് നേരെ എതിര്‍വശത്താണ് ജിഷയുടെ വീട്. ജിഷയെകൊലപ്പെടുത്തിയ ശേഷം ഘാതകന് പുറത്തേക്ക് പോയപ്പോള്‍ സാബു കണാനിടയുണ്ടെന്നായിരുന്നു പോലീസിന്റെ കണക്കുകൂട്ടല്‍. ഇതിനിടയില്‍ ജിഷയുടെ അമ്മ സാബു അറിയാതെ മകള്‍ കൊല്ലപ്പെടില്ലന്നും പൊലീസിന് മൊഴി നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ നല്ലരീതിയില്‍ പെരുമാറിയിരുന്ന പൊലീസ് പിന്നീട് കളം മാറ്റി.