പാനൂർ: പോലീസിൽ നിന്നും നീതി ലഭിക്കുന്നില്ലെന്നാരോപിച്ചു പോലീസ് സ്റ്റേഷനു മുന്നിൽ യുവമോർച്ചാ വനിതാ നേതാവിന്റെ കുത്തിയിരിപ്പ് സമരം.
സോഷ്യൽമീഡിയ വഴി തന്നെ അപമാനിച്ച സിനിമ,ടെലിവിഷൻ താരം തരികിട ഫെയിം നടൻ സാബുവിനെ അറസ്റ്റു ചെയ്യാത്തതിൽ പ്രതിഷേധിച്ചു യുവമോർച്ച മുൻ ജില്ലാ സെക്രട്ടറിയായ ലസിത പാലക്കലാണ് പാനൂർ പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.
യുവമോർച്ചയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഉപരോധസമരം നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതേ തുടർന്നു സമരത്തെ നേരിടാൻ സിഐ.വിവി.ബെന്നിയുടെ നേതൃത്വത്തിൽ വൻപോലീസ് സന്നാഹവും സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. എന്നാൽ തനിച്ചെത്തിയ ലസിത പോലീസിനെ കബളിപ്പിച്ച് സ്റ്റേഷനുള്ളിലേക്ക് കയറി സമരം നടത്തുകയായിരുന്നു.
ലസിതയെ അനുനയിപ്പിക്കാൻ സിഐ. ബെന്നി ശ്രമം നടത്തിയെങ്കിലും ആദ്യം പരാജയപ്പെട്ടു. ഇതിനിടയിൽ സമരത്തിനു ഐക്യദാർഢ്യവുമായി യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ്ബാബുവും പ്രവർത്തകരും എത്തിയെങ്കിലും പോലീസ് തടഞ്ഞു.
പിന്നീട് പ്രകാശ്ബാബുവും മറ്റു നേതാക്കളും ലസിതയുടെ അടുക്കലെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു ഇതോടെ സിഐ പോലീസ് സുപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ടു. ഒരാഴ്ചയ്ക്കുളളിൽ തരികിട സാബുവിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന ഉറപ്പ് നൽകി.
സാബുവിന്റെ ഐഡിയിൽ നിന്നുമാണോ അശ്ലീല പരാമർശം വന്നതെന്ന് ഉറപ്പ് വരുത്താനുളള നടപടികൾ നടന്നു വരികയാണെന്നും ചോദ്യം ചെയ്യലിൽ കുറ്റം തെളിഞ്ഞാൽ അറസ്റ്റ് ചെയ്യുമെന്നും പോലീസ് ഉറപ്പു നൽകി.
ഇതോടെയാണ് കുത്തിയിരിപ്പ് സമരം അവസാനിച്ചത്. നേതാക്കളായ ബിജു ഏളക്കുഴി,സി.രതീഷ്,പി.സുധീർ,കെ.പ്രേമൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു. പോലീസ് നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ ജൂലൈ അഞ്ചിന് പോലീസ് ആസ്ഥാനത്തേക്ക് ബഹുജന മാർച്ച് നടത്തുമെന്നു പ്രകാശ്ബാബു പറഞ്ഞു.