നെടുമ്പാശേരി: കേരളത്തില്‍ മേലിൽ വ്യവസായ സംരംഭങ്ങള്‍ക്കായി ഒരു രൂപ പോലും മുടക്കില്ലെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്.
തെലുങ്കാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം ഹൈദരാബാദ് സന്ദര്‍ശിച്ച് മടങ്ങിയെത്തിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലുങ്കാന സര്‍ക്കാര്‍ തനിക്ക് നല്കിയ വാഗ്ദാനങ്ങള്‍ കേട്ടാല്‍ കേരളത്തില്‍ ഇനി ഒരു വ്യവസായി പോലും ബാക്കിയുണ്ടാകില്ല. രാജകീയ സ്വീകരണമാണ് അവിടെ ലഭിച്ചത്.
ആദ്യഘട്ടത്തില്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും അതിനുവേണ്ടിയുള്ള ഉറപ്പു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം അധിക നിക്ഷേപം തെലുങ്കാനയില്‍ വേണോ എന്നത് രണ്ടാഴ്ചയ്ക്കകം തീരുമാനിക്കും.
മുഖ്യമന്ത്രിക്ക് തന്റെ മനസില്‍ വലിയ സ്ഥാനമാണ് ഉള്ളതെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാനും വഴക്കുപറയാനും അധികാരമുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.
അദ്ദേഹം എന്ത് പറഞ്ഞാലും താന്‍ അതേക്കുറിച്ച് പ്രതികരിക്കില്ല. രണ്ടു ദിവസത്തിനകം രണ്ടു വട്ടമാണ് തെലുങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവുമായി ചര്‍ച്ച നടത്തിയത്.
പരിശോധനകളുടെയും കേസുകളുടെയും പേരില്‍ വേട്ടയാടില്ലെന്നും പ്രാദേശിക രാഷ്ട്രീയക്കാരുടെ ശല്യങ്ങളോ ഉപദ്രവങ്ങളോ ഉണ്ടാവില്ലെന്നും മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
കേരളത്തിൽ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളഞ്ഞിട്ട് ആക്രമിക്കുന്ന സമയത്ത് പിടിച്ചുനില്ക്കാന് പറ്റാത്ത ഒരു സാഹചര്യം ഉണ്ടായപ്പോഴാണ് മറിച്ചു ചിന്തിക്കാന്‍ നിര്‍ബന്ധിതനായതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ എവിടെ വ്യവസായം ആരംഭിച്ചാലും അവിടേക്ക് എത്ര മലയാളികള്‍ വന്നാലും അവര്‍ക്ക് ജോലി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.