കടുത്തുരുത്തി: കോവിഡ് ബാധിച്ചു മരിച്ച സാബുവിന്റെ കുടുംബത്തിന് താങ്ങാകാന്‍ നവജീവന്‍ ട്രസ്റ്റും സൗഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റും ഒന്നിക്കുന്നു.ടാപ്പിംഗ് തൊഴിലാളിയായിരുന്ന പെരുവ കുറുവേലിപാടം പുലിക്കുഴിയില്‍ പി.കെ. സാബു (48) കഴിഞ്ഞ മാസം 15നാണ് കോവിഡ് ബാധിച്ച് മരിച്ചത്.
കറുവേലിപാടത്തിന് സമീപമുള്ള ഇടിഞ്ഞു വീഴാറായ കൂരയിലാണ് ബാബുവിന്റെ ഭാര്യ ബീന(45)യും പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷാനും(15), നാലാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രേയമോളും(ഒമ്പത്) താമസിക്കുന്നത്.
മഴ പെയ്താല്‍ വെള്ളം കയറുന്ന താത്കാലിക ഷെഡിലാണ് ഇവരുടെ താമസം. വീട്ടിലേക്ക് എത്താന്‍ പാടത്തു കൂടിയുള്ള നടപ്പുവഴി മാത്രമാണ് ഏക ആശ്രയം.
സ്വന്തം പേരില്‍ വസ്തു ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുമില്ല. ഇവരിപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് കൂടിയാണ് അതിവേഗ റെയില്‍വേയുടെ ലൈന്‍ വരുന്നതായി അടയാളപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ സാബുവിന്റെ വീട് സന്ദര്‍ശിച്ച കോട്ടയത്തെ നവജീവന്‍ ട്രസ്റ്റ് ചെയര്മാന് പി.യു. തോമസ് സൗഹൃദ ചാരിറ്റബിള്‍ സൊസൈറ്റി വാങ്ങി നല്കുന്ന സ്ഥലത്ത് വീട് നിര്‍മിച്ചു നല്കാന് തയാറാണെന്ന് അറിയിച്ചതായി സൊസൈറ്റി പ്രസിഡന്റ് ടി.എം. സദന് പറഞ്ഞു.