പന്തളം: വാഹനാപകടത്തില്‍ മരിച്ചെന്നു കരുതി ബന്ധുക്കള്‍ ഏറ്റുവാങ്ങി ‘സംസ്കരിച്ച’ സാബു ജീവനോടെ തിരികെ എത്തിയപ്പോള്‍ വെട്ടിലായത് പോലീസ്.
കുടശനാട് വിളയില്‍ കിഴക്കേതില്‍ പരേതനായ കുഞ്ഞുമോന്റെ മകന് സാബു (സക്കായി-35) വാണ് ഇന്നലെ നാട്ടിലെ വാര്‍ത്തകളില്‍ നിറഞ്ഞത്. സംസ്കരിച്ച യുവാവ് തിരികെയെത്തിയ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.
വാഹനാപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയാനാകാതെ വന്ന വിവരം അറിഞ്ഞാണ് സാബുവിന്റെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചത്.
സാബുവിന്റേതായ ലക്ഷണങ്ങൾ മരിച്ചയാൾക്ക് ഉണ്ടായിരുന്നതിനാലാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ തയാറായത്.
ഡിസംബര്‍ 25നു പാലാ ഭരണങ്ങാനം ഇടപ്പാടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച യുവാവിനെയാണ് സാബുവിന്റെ വീട്ടുകാര്‍ ഏറ്റുവാങ്ങി കുടശനാട് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ സെമിത്തേരിയില്‍ സംസ്കരിച്ചത്.
ഇടയ്ക്കൊക്കെ വീട്ടില്‍ നിന്നുമാറി അലഞ്ഞുതിരിയുന്ന സാബുവാകാം മരിച്ചതെന്നു മൃതദേഹം കണ്ടാണ് വീട്ടുകാര്‍ സംശയിച്ചത്.
പല ലക്ഷണങ്ങളും അനുകൂലമായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു. മാതാവും സഹോദരനുമാണ് ഡിസംബര്‍ 26നു പാലായിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
27നു പോലീസ് നടപടികള്‍ പൂര്‍ത്തീകരിച്ച് ഏറ്റുവാങ്ങി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചശേഷം വിദേശത്തുള്ള സഹോദരങ്ങളെയും വരുത്തി. അവരും സാബുവിനെ തിരിച്ചറിഞ്ഞതോടെ 30ന് സംസ്കാരം നടത്തി.
എല്ലാം കഴിഞ്ഞപ്പോൾ
അടിയന്തിര കര്‍മങ്ങളും പൂര്‍ത്തീകരിച്ച് ആത്മാവിനു നിത്യശാന്തി നേര്ന്നിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന വാര്‍ത്ത എത്തിയത്.
സാബുവിനെ കായംകുളത്തു കണ്ടുവത്രേ. കായംകുളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സുഹൃത്തായ ഡ്രൈവര്‍ മുരളീധരന് നായരെ കാണാന്‍ ഇയാള്‍ എത്തി.
സാബുവിനെ കണ്ട മുരളീധരന് നായര്‍ ആദ്യം ഒന്നു പരിഭ്രമിച്ചു. പിന്നീടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തിരുവനന്തപുരത്ത് ഒരു ആശുപത്രിയുടെ കാന്റീനില്‍ ജോലിയിലാണ് താനെന്നു സാബു പറഞ്ഞു.
സാബുവിനും ഞെട്ടൽ
തന്റെ അപകടമരണവും സംസ്കാരവും അപ്പോഴാണ് സാബു അറിഞ്ഞത്. മുരളീധരന് നായര്‍ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സാബു ജീവിച്ചിരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ആദ്യം നടത്തി.
സാബുവിന്റെ ബന്ധുക്കളും വിവരം അറിഞ്ഞു. വീഡിയോ കോളിംഗിലൂടെ സാബുവുമായി സംസാരിച്ചു. തുടര്‍ന്നു പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതിനിടെ, പോലീസ് അന്വേഷണത്തില്‍ സാബുവിനെതിരെ പല കേസുകളും ഉള്ളതായി മനസിലായി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപം ഇയാള്‍ ജോലി ചെയ്തിരുന്ന ഹോട്ടലില്‍നിന്നു ഉടമയുടെ 46,000 രൂപ മോഷ്ടിച്ച കേസില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്നു.
സാബുവിനെ പന്തളം പോലീസ് സ്റ്റേഷനില്‍ ഇന്നലെ കൊണ്ടുവന്നയുടന്‍ മെഡിക്കല്‍ കോളജ് പോലീസ് ബന്ധപ്പെട്ടു. പിന്നീട് ഇയാളെ തിരുവനന്തപുരത്തു പോലീസിനു കൈമാറുകയും ചെയ്തു.
സാബുവിന്റെ കേസ് ആ വഴിക്കു നീങ്ങുമെങ്കിലും പന്തളം പോലീസിനു ഇനി വലിയൊരു പുലിവാലുണ്ട്. കുടശനാട് പള്ളിയുടെ കല്ലറയില്‍ അടക്കം ചെയ്ത ആളെ കണ്ടെത്തണം.