രഞ്ജിത് ജോണ്‍
സംവിധായകരുടെ ബ്രഹ്മാണ്ഡസ്വപ്നങ്ങള് യാഥാര്‍ഥ്യമാക്കുന്ന കലാമാന്ത്രികന്‍. ഫാന്റസി സിനിമയായാലും പീരിയോഡിക് ഫിലിമായാലും വമ്പന്‍ സിനിമകളുടെ ഫസ്റ്റ് ചോയ്സ്. സാബു സിറിള്‍ എന്ന മലയാളി സൃഷ്ടിച്ച മായിക കാഴ്ചകള്‍ക്കായി കാത്തിരിപ്പിലാണ് എന്നും പാന്‍ ഇന്ത്യന്‍ ആരാധകര്‍.
കുഞ്ഞാലി മരക്കാരും പ്രതീക്ഷ ഒട്ടും തെറ്റിച്ചില്ല. ചരിത്രവും ഫാന്റസിയും ചേര്‍ത്തൊരുക്കിയ രംഗങ്ങളാല്‍ ഭ്രമിപ്പിക്കുന്ന സാബു സിറിളിന്റെ കലാവിസ്മയം കുഞ്ഞാലി മരക്കാരിലും കാണാം. പ്രിയദര്‍ശനു കുഞ്ഞാലി മരക്കാര്‍ എന്ന വലിയ സിനിമയെടുക്കാന്‍ ധൈര്യം നല്കിയ പ്രൊഡക്ഷന്‍ ഡിസൈനറാണ് സാബു സിറിള്‍. ‘
ഇന്ത്യന്‍ സിനിമയിലെ വിലപിടിപ്പുള്ള സാങ്കേതികവിദഗ്ധന്‍. അമരം മുതല്‍ മരക്കാര്‍ വരെ നീളുന്ന കലാമാന്ത്രികം. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചെത്തിയ സാബു സിറിള്‍ സിനിമാജീവിതത്തെക്കുറിച്ചു രാഷ്ട്രദീപികയോടു മനസു തുറക്കുന്നു.
വെല്ലുവിളി നിറഞ്ഞ സിനിമ
ഓരോ സിനിമയ്ക്കും അതിന്റേതായ വെല്ലുവിളിയുണ്ടെങ്കിലും കുഞ്ഞാലി മരക്കാര്‍ക്കായി ഏറെ നാളത്തെ പഠനങ്ങളും തയാറെടുപ്പുകൾ നടത്തേണ്ടിവന്നെന്നു സാബു സിറിള്‍ പറയുന്നു. തന്റെ മറ്റു ബിഗ് ബജറ്റ് സിനിമകള്‍ പോലെ തന്നെ വലിയ പ്രയത്നം വേണ്ടിവന്ന സിനിമയാണ് കുഞ്ഞാലി മരക്കാര്‍.
അന്നത്തെ കോസ്റ്റ്യൂസ്, കപ്പലുകള്‍ എന്നിവയെല്ലാം പുനരാവിഷ്കരിച്ചു. മറഞ്ഞുകിടക്കുന്ന ചരിത്രം പുനസൃഷ്ടിക്കുന്ന മരക്കാര്‍ സിനിമയുടെ കലാസംവിധാനം അത്ര എളുപ്പമല്ലായിരുന്നു.പ്രിയദര്‍ശന്റെ സ്വപ്നപദ്ധതിയില്‍ ഒപ്പം കട്ടയ്ക്കു നിന്നു.
കാലാപാനിക്കു ശേഷം
കാലാപാനി മലയാള സിനിമയെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കിയ സിനിമയാണ്. അതിലെ കലാസംവിധാനവും പരിമിതികള്‍ക്കുള്ളില്‍ മികവോടെ ചെയ്ത സിനിമയാണ്. ബിഗ് ബജറ്റ് സിനിമകള്‍ മലയാളത്തിനു അന്യമായ കാലത്താണ് കാലാപാനി ഇറങ്ങുന്നത്.
മലയാളത്തിനു താങ്ങാനാവാത്ത വലിയ ബജറ്റ് തന്നെയാണ് മരക്കാര്ക്കുമുണ്ടായിരുന്നത്. കാലാപാനി പോലെ മരക്കാരും മലയാളത്തിന്റെ അഭിമാന സിനിമയാണ്. സെറ്റുകളിലും വേഷവിധാനങ്ങളിലും സൂക്ഷ്മമായ ഗവേഷണവും നീതിപൂര്‍വമായ ആവിഷ്കാരവും നടത്തി. സിനിമയുടെ ടോട്ടാലിറ്റിയില്‍ സെറ്റുകളുടെ മികവും മോഹന്‍ലാലിനും പ്രിയദര്‍ശനും നിര്‍ബന്ധമായിരുന്നു.
ബാഹുബലി ഫാന്റസി
ബാഹുബലിയില്‍ ഫാന്റസി രംഗങ്ങളായിരുന്നു അധികവും. സംവിധായകന് രാജമൗലിയുടെ ഭാവനകള്‍ക്ക് അതിരുകളുണ്ടായിരുന്നില്ല. വലിയ വെള്ളച്ചാട്ടവും മഹിഷ്മതിയും കുന്തലദേശവും സംവിധായകന് മനസില്‍ കണ്ടതെല്ലാം ഫാന്റസിയുടെ നിറക്കൂട്ടായി ഒരുക്കി നല്‍കുകയായിരുന്നു.
എന്നാല്‍ മരക്കാര്‍ ഒരിക്കലും ബാഹുബലിയല്ലെന്ന് സംവിധായകന് പ്രിയദര്ശന് മുന്‍കൂട്ടി പറഞ്ഞിരുന്നു. കുഞ്ഞാലി മരക്കാര്‍ എന്ന കേരളചരിത്രത്തിലെ അതികായകനെ ചരിത്രം ഇടകലര്‍ത്തി അവതരിപ്പിക്കുമ്പോള്‍ അന്നത്തെ വേഷവിധാനവും കാലവുമെല്ലാം യാഥാര്‍ഥ്യവുമായി ചേര്ന്നുനില്ക്കുന്നതായിരിക്കണം.
ചരിത്രത്തോടു ഇഴചേര്‍ന്നുകിടക്കുന്ന രംഗങ്ങള്‍ക്കു ഫാന്റസി രംഗങ്ങള്‍ക്ക് അധികം സ്പേസുണ്ടായിരുന്നില്ല. രണ്ടും പിരീഡും ഫിക്ഷനും ഇടകലര്‍ന്നതാണെങ്കിലും സിനിമയുടെ സ്വഭാവമനുസരിച്ചാണ് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
കടലില്‍ നടക്കുന്ന കഥ
കടലില്‍ നടക്കുന്ന യുദ്ധവും പോരാട്ടവുമാണ് സിനിമ. കടലിലെ രംഗങ്ങള്‍ ആവിഷ്കരിക്കുന്നത് ശ്രമകരമായിരുന്നു. സ്റ്റുഡിയോയില്‍ ടാങ്കില്‍ വെള്ളം നിറച്ചാണ് സെറ്റ് ഒരുക്കിയത്. ഹൈദരാബാദിലെ രാമോജി ഫിലിം സ്റ്റുഡിയോയിലായിരുന്നു കൂടുതല്‍ ചിത്രീകരണവും.
ഇതിനു മുന്‍പു മണിരത്നത്തിന്റെ കന്നത്തില്‍ മുത്തമിട്ടാല്‍ ബോട്ടും കടലും സെറ്റ് ഒരുക്കിയിരുന്നു. മരക്കാർ പൂര്‍ണമായി കടലില്‍ നടക്കുന്ന കഥയാണ്. കന്നത്തില്‍ മുത്തമിട്ടാല്‍ ഇന്ഡോറിലായിരുന്നെങ്കില് മരക്കാര്‍ ഔട്ട്ഡോറിലായിരുന്നു സെറ്റുകളിട്ടത്.
പോര്‍ച്ചുഗീസ് കപ്പലാണ് ചിത്രത്തിലെ ഹൈലൈറ്റ്. നാവികപ്പടയുടെ തലവനായ മരക്കാരുടെ കടലിലെ രംഗങ്ങള്‍ വിശ്വസനീയമായി ഒരുക്കുന്നതു അത്ര നിസാരമായിരുന്നില്ല.
പ്രൊഡക്ഷന്‍ ഡിസൈനിംഗിലേക്ക്
ബിഗ് ബജറ്റ് സിനിമകളിലാണ് പ്രൊഡക്ഷന്‍ ഡിസൈനറായുള്ള ചുവടുമാറ്റം. കലാസംവിധായകരെയും ആര്‍ട്ട് കലാകാരന്മാരെയും കോ-ഓര്‍ഡിനേറ്റ് ചെയ്യുക മാത്രമല്ല സിനിമയുടെ പ്രീപ്രൊഡക്ഷന് മുതല്‍ കൂടുതല്‍ സമയം ഭാഗഭാക്കാകേണ്ടി വരുന്നു.
അതു സിനിമക്കു ഏറെ ഗുണവും ചെയ്യാറുണ്ട്. കൂറ്റന്‍ കൊട്ടാരവും യുദ്ധവും ചരിത്രരംഗങ്ങളും ഒരുക്കുമ്പോള്‍ അതീവശ്രദ്ധ ആവശ്യമായി വരാറുണ്ട്. അതിനായി നീണ്ട തയാറെടുപ്പുകളും ഓരോ ഡിപ്പാര്‍ട്ടുമെന്റായി തിരിച്ചു കോ-ഓര്‍ഡിനേറ്റ് ചെയ്യാനും കഴിഞ്ഞാല്‍ ചിത്രീകരണം എളുപ്പമാക്കാന്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ക്ക് കഴിയുന്നു.
ആര്‍ട്ട് ഡയറക്ടറുടെ ജോലി സെറ്റുണ്ടാക്കുക മാത്രമാണ്. ഹോളിവുഡ് രീതിയിലാണ് ആര്‍ട്ട് ഡയറക്ടര്‍ പ്രൊഡക്ഷന്‍ ഡിസൈനറായി മാറിയത്. പ്രൊഡക്ഷന്‍ ഡിസൈനറുടെ കീഴില്‍ രണ്ടോ മൂന്നോ ആര്‍ട്ട് ഡയറക്ടര്മാരുണ്ടാവും.
പ്രിയദര്‍ശനൊപ്പം ജൈത്രയാത്ര
പ്രിയദര്ശനോടൊപ്പമാണ് കൂടുതല്‍ സിനിമകളും. 70 ഓളം സിനിമകള്‍. പ്രിയദര്‍ശനോടൊപ്പമുള്ള വര്‍ക്കുകളാണ് ബോളിവുഡിലടക്കമുള്ള സിനിമകളിലേക്കു വിളിയെത്തിയത്. ഗര്ദിഷിലേക്കു വിളിച്ചതാണ് ജീവിതം മാറ്റിമറിച്ചത്.
തേന്മാവിന് കൊമ്പത്തിലെയും കാലാപാനിയിലേയും സെറ്റുകള്‍ പ്രശംസ പിടിച്ചുപറ്റി. കാലാപാനിയില്‍ പരിമിതകള്‍ക്കുള്ളില്‍ നടത്തിയ കലാസംവിധാനം ദേശീയ അംഗീകാരവും അഭിനന്ദനങ്ങളും തേടിയെത്തി.
പ്രമുഖ സംവിധായകർക്കൊപ്പം
ഓരോ സംവിധായകർക്കൊപ്പവും ഓരോ അനുഭവമാണ്. ഷങ്കറിന്റെ അന്യനില്‍ റണ്ടക്ക റണ്ടക്ക എന്ന കളര്‍ഫുള്‍ ഗാനം കൈയടി നേടി. നുറുകണക്കിനു ചിത്രകാരന്മാരെ അടക്കം പങ്കെടുപ്പിച്ചായിരുന്നു ഗ്രാമത്തിലെ സെറ്റ് നിര്‍മാണം. ബോയ്സിലെ ബൂം ബൂം ഗാനസെറ്റിനു പാഴ്വസ്തുക്കള് ഉപയോഗിച്ചായിരുന്നു ആര്‍ട്ട് വര്‍ക്കുകള്‍.
എന്തിരനിലെ റോബര്‍ട്ടുകളുടെ വര്‍ക്കുകളും ശ്രദ്ധ നേടി. ബ്രഹ്മാണ്ഡ സിനിമകളാണ് ഷങ്കറിനൊപ്പം ചെയ്തത്.മണിരത്നത്തിനൊപ്പം റിയാലിറ്റിയോടടുത്തു നില്ക്കുന്ന ചിത്രങ്ങളാണ് ഒരുക്കിയത്. ഗുരു, യുവ എന്നിവയും മണിരത്നത്തിനൊപ്പം ചെയ്ത സിനിമകളാണ്.
ബാഹുബലി ഒന്നും രണ്ടും കൂടാതെ ബിഗ്ബജറ്റ് സിനിമയായ ആര്‍ആര്‍ആറും രാജമൗലിക്കൊപ്പം ഒരുക്കി. ഓരോരുത്തര്‍ക്കും ഓരോ വര്‍ക്കിംഗ് സ്റ്റൈലാണ്. എല്ലാവരുമൊപ്പം എന്ജോയ് ചെയ്താണ് സിനിമകള്‍ ചെയ്തിട്ടുള്ളത്.
ആധുനിക സാങ്കേതിവിദ്യയുടെ വികാസം
ഗ്രാഫിക്സും ഒറിജിനലും തിരിച്ചറിയാനാവാത്ത രീതിയിലായിരുന്നു ബാഹുബലിയിലെ രംഗങ്ങള്‍.ആന ഓടുന്നത് ഗ്രാഫിക്സില്‍ നിര്‍മിച്ചെടുത്തു. 12 കാളകള്‍ മാത്രമാണ് ഒര്‍ജിനല്‍. ബാക്കിയുള്ളത് ഗ്രാഫിക്സ് കാളകളാണ്. 100 അടി മുകളിലേക്കുള്ള രംഗങ്ങള്‍ക്കു ഗ്രാഫിക്സ് ഉപയോഗിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ലഭ്യമായ സാങ്കേതിവിദ്യയാണ് കൂടുതലും ഉപയോഗപ്പെടുത്തിയത്. എല്ലാത്തിനും വിദേശത്തു പോകുന്ന കാലം മാറി. സിജി വര്‍ക്കുകള്‍, ആര്‍ട്ട് വര്‍ക്കുകള്‍ രംഗങ്ങള്‍ രൂപകല്‍പ്പന ചെയ്യുമ്പോള്‍ തന്നെ പ്ലാന്‍ ചെയ്യുന്നു. സിജി അടക്കമുള്ള ആധുനികസാങ്കേതികവിദ്യയുടെ വികാസം കലാസംവിധാനത്തെ ഏറെ സഹായിക്കുന്നു.
അംഗീകാരങ്ങള്‍
കഷ്ടപ്പെട്ടു ചെയ്ത വര്‍ക്കുകള്‍ ചര്‍ച്ച ചെയ്തു കാണുമ്പോഴും അംഗീകാരങ്ങള്‍ തേടിയെത്തുന്നതും സന്തോഷകരമാണ്. നാലു ദേശീയ അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടി.
മരക്കാറിനും ബാഹുബലിക്കും ദേശീയ അവാര്‍ഡുകള്‍ കിട്ടിയില്ലെങ്കിലും ചര്‍ച്ച ചെയ്തു കാണുമ്പോള്‍ മുന്നോട്ടുള്ള പ്രയാണത്തിന് അത് ഇന്ധനം നല്കുന്നു. കന്നത്തില്‍ മുത്തമിട്ടാല്‍, ഹേ റാം തുടങ്ങിയ ചിത്രങ്ങളും കഠിനപ്രയത്നം ചെയ്ത സിനിമകളാണ്.
പ്രിയപ്പെട്ട വര്‍ക്കുകള്‍
എല്ലാ വര്‍ക്കുകളും ഒരുപോലെ ഇഷ്ടമാണ്. ബാഹുബലി സെറ്റുകള്‍ മാത്രമല്ല അമരവും കാലാപാനിയും അടക്കം എല്ലാം പ്രിയപ്പെട്ട ആര്‍ട്ട് വര്‍ക്കുകളാണ്. മരക്കാറിലെ പോര്‍ച്ചുഗീസ് കപ്പലും അന്യനിലെ ഗാനരംഗങ്ങളും തേന്മാവിന് കൊമ്പത്തിലെ സെറ്റുകളും എല്ലാം നെഞ്ചോടുചേര്‍ക്കുന്നതാണ്.
പുതിയ സിനിമകള്‍
ആര്‍ആര്‍ആര്‍ എന്ന രാജാമൗലിയുടെ സംവിധാനത്തില്‍ ജൂണിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവര്‍ അഭിനയിക്കുന്ന വന്‍ ബജറ്റ് സിനിമയാണ് അടുത്തു ചെയ്തത്. ആര്‍ട്ട് വര്‍ക്കുകള്‍ക്ക് സ്പേസ് ഉള്ള ചിത്രമാണ്. ഉഗ്രന്‍ ഗാനരംഗങ്ങളും സംഘടനരംഗങ്ങളുമായി ഒരു രാജമൗലി ചിത്രം തന്നെയായിരിക്കുമത്.
ബോയിംസ് ബോണ്ട് ചിത്രങ്ങളുടെ സ്വാധീനം
കോളജില്‍ പഠിക്കുമ്പോള്‍ ജെയിംസ് ബോണ്ടു ചിത്രങ്ങള്‍ സ്വാധീനിച്ചിരുന്നു. അന്നു ജെയിംസ് ബോണ്ടു ചിത്രങ്ങള്‍ നിരവധി കാണുമായിരുന്നു. ഇപ്പോള്‍ അത്തരമൊരു സ്വാധീനമൊന്നുമില്ല.
സാബു സിറിള്‍ ബ്രില്യന്‍സ്
അമരത്തിലെ വലിയ സ്രാവിനെ ഉണ്ടാക്കാന്‍ ഭരതന് അമരത്തിലേക്കു വിളിച്ചതാണ് വഴിത്തിവായത്. റക്സിനും മറ്റും ഉപയോഗിച്ച് വായ തുറക്കുകയും അടയ്ക്കുകയുമൊക്കെ ചെയ്യാവുന്ന വലിയ സ്രാവിനെ ഉണ്ടാക്കി.
ഇതു കണ്ടപ്പോള്‍ സിനിമയിലെ കലാസംവിധാനം മുഴുവന്‍ സാബു സിറിളിനെ ഭരതന് ഏല്‍പ്പിക്കുകയായിരുന്നു. അയ്യര്‍ ദ ഗ്രേറ്റിനു വേണ്ടി ഭദ്രന് പകരക്കാരനായാണ് വിളിച്ചത്. ഇതിനു മുന്‍പു കമലഹാസന്റെ വെട്രിവിഴാക്ക് മിനിയേച്ചര്‍ ഹെലികോപ്റ്റര്‍ രൂപം ഉണ്ടാക്കി നല്‍കിയിരുന്നു.
അയ്യര്‍ ദി ഗ്രേറ്റില്‍ തീവണ്ടി അപകടം സെറ്റ് രംഗങ്ങള്‍ ഒരുക്കാന്‍ ഒപ്പമുണ്ടായിരുന്നു. അയ്യര്‍ ദി ഗ്രേറ്റിലെ സെക്കന്‍ഡ് യൂണിറ്റ് കലാസംവിധായകനായിരുന്നു. അതിനു ശേഷമാണ് അമരത്തിലേക്കുള്ള വരവ്. വെള്ളം നിറച്ച റബര്‍ ട്യൂബു കൊണ്ടു നിര്‍മിച്ച അങ്കിള്‍ ബണ്‍ കോസ്റ്റ്യൂമും സാബുവിന്റെ കരവിരുതാണ്.
ഫിലിമോഗ്രാഫി, ജീവിതം
മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റില്‍ നിന്നു ബിരുദം നേടി. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് സിനിമകള്‍, 500 ഓളം പരസ്യചിത്രങ്ങള്‍, ടെലിവിഷന്‍ സീരിയലുകള്‍ എന്നിവ ചെയ്തു.
മൂന്നുപതിറ്റാണ്ടായി ചലച്ചിത്രരംഗത്ത് നിറഞ്ഞുനില്ക്കുന്ന സിനിമാജീവിതം. കാലാപാനി, അശോക, ഓം ശാന്തി ഓം, യുവ, ഗുരു, യന്തിരന്, ബാഹുബലി 1,2, ക്രിഷ് ത്രീ, സഹോ, റാവണ്‍ തുടങ്ങിയ സിനിമകളെല്ലാം സാബു സിറിളിന്റെ കയ്യൊപ്പ് പതിഞ്ഞസിനിമകളാണ്.
1996ലെ മിസ് വേള്‍ഡ് മത്സരം അമിതാഭ് ബച്ചന്റെ പ്രൊഡക്ഷന്‍ കമ്പനി നടത്തിയപ്പോള്‍ കലാസംവിധാനം അദ്ദേഹത്തെ തേടിയെത്തി. സാബു ജനിച്ചതും വളര്‍ന്നതും തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍.
മാതാപിതാക്കളായ സിറില്‍ ആര്‍തറും സ്ലാന്സയും കോഴിക്കോട് സ്വദേശികളാണ്. ഭാര്യ: സ്നേഹലത വിന്‍സന്റ് മക്കളായ ശ്വേതയും സൗമ്യയും കലാസംവിധാനരംഗത്തുണ്ട്.