കിഴക്കമ്പലം: കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കിറ്റെക്സ് എംഡി സാബു ജേക്കബ്.
ആക്രമണത്തിനു പിന്നാലെ കുറ്റമാരോപിച്ച് 156 പേരെ പോലീസ് പിടികൂടി കൊണ്ടുപോയിട്ടുണ്ട്. ഇവര്‍ക്ക് എല്ലാവര്ക്കും സംഭവത്തില്‍ പങ്കില്ല.
പരമാവധി 40 പേരില്‍ താഴെ മാത്രം വരുന്ന തൊഴിലാളികളാണ് ഈ സംഭവത്തിനു പിന്നില്‍. ഇവര്‍ക്ക് എല്ലാവര്ക്കും ഒരേ മുഖമായതിനാലും ഭാഷ അറിയാത്തതുകൊണ്ടും തിരിച്ചറിയുക പോലീസിനു സാധ്യമാകില്ല.
അതുകൊണ്ടുതന്നെ സൂപ്പര്‍വൈസര്‍മാരുടെ സഹായത്തോടെ കാമറ പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞ് പോലീസിനു കൈമാറും.
തികച്ചും അപ്രതീക്ഷിത സംഭവമാണ് അരങ്ങേറിയത്. നാഗലാന്‍ഡ്, മണിപ്പൂര്‍ ഭാഗത്തു നിന്നുള്ള തൊഴിലാളികളാണ് ആക്രമണങ്ങള്‍ക്കു പിന്നില്‍.
ക്രിസ്മസ് കാരളുമായി ബന്ധപ്പെട്ട് ഓരോ മുറികളിലും പോയി മുട്ടി, പാട്ടകൊട്ടി ആഘോഷം നടത്തിയപ്പോള്‍ മറ്റു തൊഴിലാളികള്‍ എതിര്‍ത്തു.
അവര്‍ ഉറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ രണ്ടു ചേരിയായി തിരിഞ്ഞാണ് പ്രശ്നം തുടങ്ങിയത്.
നിയന്ത്രിക്കാന്‍ ഒന്നോ രണ്ടോ സെക്യൂരിറ്റിക്കാരാണ് ഉണ്ടായിരുന്നത്. സെക്യൂരിറ്റിക്കാരും സൂപ്പര്‍വൈസര്‍മാരും പറഞ്ഞിട്ടും ഇവര്‍ കേട്ടില്ലെന്നു വന്നതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു.
അക്രമം നടത്തിയവര്‍ അമിതമായി ലഹരി ഉപയോഗിച്ചതായാണ് മനസിലാകുന്നത്. ആദ്യം മദ്യമാണെന്നു കരുതിയെങ്കിലും എന്തോ ലഹരിമരുന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
ആദ്യമായാണ് ഇത്രയധികം ആളുകള്‍ സംഘം ചേര്‍ന്നതും പോലീസിനെതിരെ തിരിയുന്നതും. ഇവര്‍ ക്രിമിനലുകളോ ക്രിമിനല്‍ സ്വഭാവമുള്ളവരോ അല്ല.
ലഹരി ഉപയോഗിച്ചതുകൊണ്ടു മാത്രമാണ് അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ക്വാര്‍ട്ടേഴ്സില്‍നിന്നു പുറത്തു പോകാത്തവരാണ് പലരും. അതുകൊണ്ടുതന്നെ എങ്ങനെ ലഹരി എത്തി എന്നതു കണ്ടെത്തണം എന്നും അദേഹം പറഞ്ഞു.