ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും ആകാംക്ഷയ്ക്കും വിരാമമിട്ട് മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന് സമാപനമായിരിക്കുന്നു. നാല്‍പ്പത് മത്സരാര്‍ത്ഥികളില്‍ നിന്ന് നടന് സാബുമോനെ വിജയിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
ആഴ്ച്ചതോറുമുള്ള എലിമിനേഷനുകളെ നേരിട്ട് നൂറ് ദിനങ്ങള്‍ പോരാടി വന്‍ പ്രേക്ഷക പിന്തുണയോടെയാണ് സാബു വിജയകിരീടം ചൂടിയത്. വിജയിയെ പ്രഖ്യാപിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്ത ചടങ്ങില്‍, മത്സരത്തില്‍ ആദ്യാവസാനം പങ്കെടുത്തവരും എത്തിച്ചേര്‍ന്നിരുന്നു. ശ്വേതാ മേനോന് ഒഴികെ.
ബിഗ് ബോസിന്റെ തുടക്കത്തില്‍ ശക്തയായ മത്സരാര്‍ഥിയായി മുന്നിട്ടുനിന്ന നടി ശ്വേത മേനോന്റെ അഭാവം ഗ്രാന്‍ഡ് ഫിനാലെയില്‍ പലരും ശ്രദ്ധിക്കുകയുണ്ടായി. പലരും അത് സൂചിപ്പിക്കുകയും ചെയ്തു.
എന്നാല്‍ എന്തുകൊണ്ട് ഫിനാലെയില്‍ പങ്കെടുക്കാന്‍ താന്‍ എത്തിയില്ല എന്ന് വിശദമാക്കി എത്തിയിരിക്കുകയാണ് ശ്വേത. ഫിനാലെയില്‍ പങ്കെടുക്കാന്‍ വരാതിരുന്നത് അസൂയകൊണ്ടോ സാബുവിനോടുള്ള വിരോധം കൊണ്ടോ അല്ലെന്ന് പറയുകയാണ് ശ്വേത. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശ്വേത ഇക്കാര്യം വ്യക്തമാക്കിയത്.
ശ്വേതയുടെ വാക്കുകള്‍ ഇങ്ങനെ…
ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ ഞാന്‍ എത്താതിരുന്നതിന് കാരണമുണ്ട്. എനിക്ക് അസൂയയാണ്, അതുകൊണ്ടാണ് ഞാന്‍ വരാത്തത് എന്നൊക്കെ ചിലര്‍ പറയുന്നത് കേട്ടു.
പക്ഷേ എന്നെ അറിയുന്നവര്‍ക്ക് അറിയാം, അങ്ങനെയുള്ള ആളല്ല ഞാനെന്ന്. എന്റെ ഏറ്റവും വലിയ ബിഗ് ബോസ് പോയി. വീട്ടില്‍ ഒറ്റക്കുട്ടിയാണ് ഞാന്‍. അച്ഛന് മരിച്ചതിനാലാണ് വരാതിരുന്നത്.
സാബു തന്നെയാണ് ബിഗ് ബോസില്‍ വിജയി ആകേണ്ടിയിരുന്നത്. തുടക്കം മുതല്‍ അവസാനം വരെ ഒരുപോലെ നിന്ന ആളാണ് സാബു. മനുഷ്യത്വപരമായ പെരുമാറ്റമാണ് സാബുവില്‍ നിന്നും ഉണ്ടായിരുന്നത്. എല്ലാവരുടെയും ഒപ്പം നില്‍ക്കുകയും സ്നേഹത്തോടെ പെരുമാറുകയും ചെയ്ത വ്യക്തിയാണ് അദ്ദഹം.
എല്ലാകാര്യങ്ങളെക്കുറിച്ചും സാബുവിന് നല്ല ധാരണ ഉണ്ടായിരുന്നു. വലിയ സ്റ്റാര്‍ ആയാണ് അദ്ദഹം പുറത്തു വരുന്നത്. സാബുവിനെ അല്ലാതെ മറ്റാരെയെങ്കിലും ആണ് തിരഞ്ഞെടുത്തതെങ്കില്‍ എനിക്ക് ബിഗ് ബോസ് ബ്രാന്‍ഡില്‍ ഉള്ള വിശ്വാസം പോയേനെ. എന്തായാലും ആ വിശ്വാസ്യത നിലനിര്‍ത്തി.