കോട്ടയ്ക്കൽ: ആൾക്കൂട്ടആക്രമണത്തിൽ മർദനമേറ്റ യുവാവ് മരിച്ച സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. പ്രതികൾ ഒളിവിൽ. കോട്ടക്കൽ പുതുപറന്പ് പൊറ്റയിൽ ഹൈദരാലിയുടെയും ഷൈലജയുടെയും മകൻ ഷാഹിർ (19) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ഒരു മണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യആശുപത്രിയിലാണ് മരിച്ചത്. ഞായറാഴ്ച രാത്രി ബൈക്കിൽ പോകുകയായിരുന്ന ഷാഹിറിനെ ഷാഹിറുമായി സൗഹൃദത്തിലായിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കൾ തടഞ്ഞു അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
അക്രമണം കണ്ടവർ വിവരം ഷാഹിറിന്റെ വീട്ടിൽ വിളിച്ചുപറഞ്ഞതിനെത്തുടർന്നു അനുജൻ ഷിബിലും മാതാവും സ്ഥലത്തെത്തി. അക്രമികൾ ഷിബിലിനെയും മർദിച്ചു. ഇവരുടെ ഫോണുകളും മർദിച്ചവർ പിടിച്ചു വാങ്ങി. അവശരായ മക്കളെയും കൊണ്ടു മാതാവ് വീട്ടിൽ തിരിച്ചെത്തി. മർദനത്തിൽ മനം നൊന്ത ഷാഹിർ വീട്ടിൽ എത്തിയയുടനെ വിഷം കഴിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. കോട്ടയ്ക്കലിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാഹിർ ഇന്നു പുലർച്ചെ മരണപ്പെടുകയായിരുന്നു.
ഷിബിലിന്റെ പരാതിയെത്തുടർന്നു കണ്ടാലറിയുന്ന 15 പേർക്കെതിരെ കേസെടുത്തതായി കോട്ടയ്ക്കൽ പോലീസ് അറിയിച്ചു. ടോർച്ച് കൊണ്ട് തലക്കേറ്റ അടിയും മരണകാരണമായതായി ആശുപത്രി അധികൃതർ പറയുന്നു. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. മറ്റ് സഹോദരങ്ങൾ, ഷംലീന, ഷഹന.