കടുത്തുരുത്തി: തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ഒച്ചത്തില്‍ സംസാരിച്ചതില്‍ പ്രകോപിതരായ യുവാവിന്റെയും സുഹൃത്തുക്കളുടെയും ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട് കഞ്ചാവ്, ലഹരി മാഫിയാ സംഘത്തില്‍പെട്ട മൂന്നുപേര്‍ക്കെതിരെ കടുത്തുരുത്തി പോലീസ് വധശ്രമത്തിന് ഉള്‍പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസടെുത്തിരുന്നു.
കോതനല്ലൂര്‍ ജംഗ്ഷനില്‍ ചൊവ്വാഴ്ച്ച രാത്രി 9.30 ഓടെയാണ് സംഭവം.
ഒച്ചത്തില്‍ സംസാരിച്ചാല്‍
കോതനല്ലൂര്‍ സ്വദേശികളായ ആണ്ടൂര്‍ വീട്ടില്‍ സാബു (54), സുഹൃത്ത് ഓലിക്കല്‍ വീട്ടില്‍ ഷാജി (56) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇരുവരും ബാര്‍ ഹോട്ടലിന് സമീപത്തെ തട്ടുകടയിലിരുന്ന് പരസ്പരം സംസാരിച്ചുക്കൊണ്ട് ഭക്ഷണം കഴിക്കുന്നതിനിടെ സമീപത്തിരുന്ന സുധീഷ് എന്നയാള്‍ ഇവരെ ശാസിച്ചു.
ഒച്ചത്തില്‍ സംസാരിച്ചാല്‍ തല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും മര്‍ദനമേറ്റ സാബുവും ഷാജിയും പറഞ്ഞു.
തുടര്‍ന്ന് ഇവര്‍ ഇവിടെയിരുന്നു ഭക്ഷണം കഴിക്കുമ്പോഴാണ് സുധീഷ് സുഹൃത്തുക്കളായ മറ്റു രണ്ടുപേരേ കൂടി ഇവിടേക്കു വിളിച്ചു വരുത്തി മൂവരും ചേര്‍ന്ന് സാബുവിനെയും ഷാജിയെയും മര്‍ദിച്ചത്.
തലയ്ക്കു അടിയേറ്റതിനെ തുടര്‍ന്ന് ഇരുവരും സമീപത്തെ തുരുത്തേല്‍ സ്കറിയായുടെ വീട്ടിലേക്കു ഓടിക്കയറി. പുറകെയെത്തിയ മൂവര്‍ സംഘം സ്കറിയായുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.
തുടര്‍ന്ന് സമീപത്തെ പാലപ്പറമ്പില്‍ റോബിന് തോമസിന്റെ വീട്ടിലെത്തി ഇവിടെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ല് കല്ലിന് എറിഞ്ഞു തകര്‍ത്തു.
ഏറേസമയം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പ്രതികള്‍ മടങ്ങിയത്. തുടര്‍ന്ന് പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
ഇവര്‍ക്കെതിരെ മറ്റു സ്റ്റേഷനുകളില്‍ കേസുള്ളതാണെന്നും കഞ്ചാവ്, ലഹരി മാഫിയാ സംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്നും പോലീസ് പറഞ്ഞു.
കോതനല്ലൂര്‍, ചാമക്കാല പ്രദേശങ്ങള്‍ ലഹരി മാഫിയാ സംഘങ്ങളുടെ പിടിയിലകപ്പെട്ടിരിക്കുകയാണ്.
ഇത്തരക്കാരെ നിയന്ത്രിക്കാന്‍ പോലീസ്, എക്സൈസ് അധികാരികളുടെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം