അവിചാരിതമായി ചിലയിടങ്ങളില്‍ എത്തിപ്പെടുകയും അവിടെ വിജയിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ പെടുത്താവുന്ന ആളല്ല സബ്യസാചി മുഖര്‍ജി. ഫാഷന്‍ ഡിസൈനിംഗിന്റെ ലോകത്തേക്ക് ചുവടു വയ്ക്കാനുള്ള തീരുമാനം എടുത്തപ്പോള്‍ ധാരാളം എതിര്‍പ്പുകള്‍ സബ്യസാചിയ്ക്ക് നേരിടേണ്ടി വന്നു. ഇന്ന സബ്യസാചിയെ ലോകത്തിലെ ഏറ്റവും മികച്ച ഫാഷന്‍ ഡിസൈനര്‍മാരിലൊരാളാക്കിയതും തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ കാണിച്ച ധൈര്യമാണ്. സബ്യസാചിയുടെ കഥ കേള്‍ക്കാന്‍ രണ്ടു പതിറ്റാണ്ടു പിന്നിലേക്കു സഞ്ചരിക്കേണ്ടിവരും. ഒട്ടു മിക്ക മാതാപിതാക്കളെയും പോലെ മകന്‍ ഒരു എഞ്ചിനിയര്‍ ആയിക്കാണാന്‍ സബ്യസാചിയുടെ മാതാപിതാക്കളും ആഗ്രഹിച്ചു. എന്നാല്‍ സബ്യസാചിയുടെ ഇഷ്ടം മറ്റൊന്നായിരുന്നു. മാതാപിതാക്കളെ ധിക്കരിച്ച് സ്വന്തമായി ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനം തുടങ്ങിയത് ആദ്യ ചുവടായിരുന്നു. മാതാപിതാക്കളില്‍ നി്ന്നു പണം ലഭിക്കാത്തതിനാല്‍ 20000 രൂപ വായ്പ്പയെടുത്തായിരുന്നു അത്. ഇന്ന് ആ 20000ല്‍ നി്ന്നും 73 കോടി രൂപ വാര്‍ഷിക വരുമാനം സബ്യസാചി നേടുന്നു. ആരെയും അതിശയിപ്പിക്കുന്നതാണ് ഈ ജീവിതകഥ.
മുംബൈയില്‍ 2102ല്‍ തുടങ്ങിയ സ്റ്റോറില്‍ സന്ദര്‍ശനത്തിനെത്തിയ അതിഥിയെക്കണ്ട് സബ്യ അദ്ഭുതപ്പെട്ടു, സാക്ഷാല്‍ ഓപ്ര വിന്‍ഫ്രി ആയിരുന്നു അത്. ഐശ്വര്യാ റായിയിലൂടെയായിരുന്നു ഓപ്ര സബ്യയുടെ സ്റ്റോറിനെപ്പറ്റിയറിഞ്ഞത്. അതെല്ലാം സബ്യയ്ക്ക് വലിയ അംഗീകാരങ്ങളായി.ഡിസൈനിംഗ് സബ്യയ്ക്ക് ജന്മസിദ്ധമായി ലഭിച്ച കഴിവായിരുന്നു.ഡിസൈനിങ്ങില്‍ വിദഗ്ധയായ അമ്മയുടെ കരവിരുത് അതേപടി സബ്യയ്ക്കും ലഭിച്ചു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛന്റെ പഴയ സോക്‌സുകള്‍ ഉപയോഗിച്ച് സഹോദരിയുടെ പാവക്കുട്ടികള്‍ക്ക് ഡ്രസ് നെയ്‌തെടുക്കുമായിരുന്നു സബ്യ. കൊല്‍ക്കത്തയില്‍ ജനിച്ചു വളര്‍ന്ന സബ്യ എന്നും ഉറ്റുനോക്കിയത് ഡിസൈനര്‍മാരുടെ കരവിരുതില്‍ റാംപില്‍ തിളങ്ങുന്ന മോഡലുകളെയായിരുന്നു.
മകനെ ഒരു എഞ്ചിനിയര്‍ ആക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രമെന്നതിനാല്‍ അദ്ദേഹം നിരന്തരം സബ്യയുമായി കലഹിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷണ്‍ ടെക്‌നോളജി(നിഫ്റ്റ്)യില്‍ ചേര്‍ന്നു ഡിസൈനിംഗ് പഠിക്കണമെന്നുമായിരുന്നു സബ്യയുടെ ആഗ്രഹം.12-ാം വയസില്‍ സാരി നെയ്‌തെടുത്ത സബ്യയ്ക്ക് വെറുമൊരു എഞ്ചിനിയറാകാന്‍ കഴിയില്ലായിരുന്നു. ഒടുവില്‍ പതിനാറാം വയസില്‍ സബ്യ വീടു വിട്ടിറങ്ങി. കൈയ്യില്‍ പണമില്ലാഞ്ഞതിനാല്‍ ഗോവയിലെ ഒരു ഹോട്ടലില്‍ വെയ്റ്ററായി കുറേനാള്‍ ജോലി നോക്കി. നിഫ്റ്റ് പരീക്ഷയ്ക്കുള്ള പണം കണ്ടെത്താനായിരുന്നു ജോലി. ഇതു കൂടാതെ പുസ്തകങ്ങള്‍ വില്‍ക്കുന്ന ജോലി കൂടി ഏറ്റെടുത്തു.ഒടുവില്‍ ഒരുവിധത്തില്‍ പണം സമ്പാദിച്ച് പരീക്ഷയെഴുതി പാസായി.
1999ല്‍ നിഫ്റ്റില്‍ നിന്ന് ഫാഷന്‍ ഡിസൈനിങ് പഠിച്ചിറങ്ങിയ സബ്യ ജോലിക്കൊന്നും അപേക്ഷിച്ചില്ല. സഹോദരിയില്‍ നിന്ന് 20,000 രൂപ കടം വാങ്ങി സ്വന്തമായി ഫാഷന്‍ സംരംഭം തുടങ്ങി. തുടക്കത്തില്‍ മൂന്നുപേര്‍ ആയിരുന്നു ജീവനക്കാരായി ഉണ്ടായിരുന്നത്. ഓഫീസ് തന്നെയായിരുന്നു വീടും. പിന്നെ അക്ഷീണമായ പരിശ്രമമായിരുന്നു. പുതിയ ഡിസൈനുകള്‍ വികസിപ്പിച്ചെടുത്തു കൊണ്ടേയിരുന്നു. സമൂഹവുമായുള്ള ബന്ധം പോലും പലപ്പോഴും സബ്യയില്‍ നിന്നും അകന്നുപോയി.
ഒരു പൊട്ടിയ കാമറ കൊണ്ട് ബംഗാളിയായ സത്യജിത് റേ സിനിമയ്ക്ക് എന്താണോ നല്‍കിയത്,അതേ കാര്യം മറ്റൊരു ബംഗാളിയായ തനിക്ക് ഫാഷന്‍ ലോകത്തിന് വേണ്ടി ചെയ്യണമെന്ന അടങ്ങാത്ത ആഗ്രഹമായിരുന്നു സബ്യക്കുണ്ടായിരുന്നത്. നിരവധി ബോളിവുഡ് സിനിമകളിലെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന സബ്യ ഇന്ന് ഫാഷന്‍ ലോകത്തെ മുടിചൂടാമന്നനാണ്. ഒറിജിനാലിറ്റിയാണ് തന്റെ ഡിസൈനിന്റെ പ്രത്യേകതയെന്നു സബ്യ പറയുന്നു. ഇന്ത്യയിലെ ഏറ്റവും ഡിമാന്‍ഡുള്ള ഡിസൈനര്‍മാരില്‍ ഒരാളാക്കി സബ്യയെ മാറ്റിയതും അതാകാം. വെസ്‌റ്റേണ്‍ ശൈലിയിലുള്ളവ ആണെങ്കിലും സബ്യയുടെ എല്ലാ വസ്ത്രങ്ങളും കൈത്തറിയാണെന്നുള്ളതാണ് സവിശേഷകരമായ വസ്തുത.