ബിജോ ജോ തോമസ്
രണ്ടു വർഷം മുന്പ് ഒരോണക്കാലത്താണ് സച്ചിയുമായി അഭിമുഖത്തിനിരുന്നത്. അന്ന് അദ്ദേഹം തന്റെ വലിയൊരു ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചു. ഒരു കാലത്ത് കേരളത്തെ പിടിച്ചു കുലുക്കിയ ചാരക്കേസും അതിൽ പ്രതിയാക്കപ്പെട്ട് പിന്നീട് കോടതി വെറുതെ വിട്ട നന്പിനാരായണന്റെയും സംഭവബഹുലമായ കഥ സിനിമയാക്കണമെന്ന സ്വപ്നം.
പക്ഷേ അതു വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും അന്ന് അദ്ദേഹം പറഞ്ഞു വച്ചു. ഇങ്ങനെ ഒട്ടേറെ കഥകൾ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയാകുന്നത്. സച്ചി എന്ന ചലച്ചിത്രകാരൻ അധികദൂരമൊന്നും മലയാളസിനിമയിൽ സഞ്ചരിച്ചില്ല.
പക്ഷേ ഹ്രസ്വമായ ആ യാത്രയിൽ അദ്ദേഹത്തിന്റെ കൈയ്യൊപ്പു പതിഞ്ഞ ഏതാനും സൃഷ്ടികൾ. സച്ചിയെന്ന തിരക്കഥാകൃത്തിനെ, സംവിധായകനെ ഓർമിക്കാൻ അതു മാത്രം മതി.
സിനിമയുടെ പല കോംപ്രമൈസുകൾക്കും വഴങ്ങാത്ത പ്രകൃതമായിരുന്നു സച്ചിയുടേത്. സെറ്റിലിരുന്ന് സ്ക്രിപ്റ്റ് എഴുതുക, സബ്ജക്ട് രൂപപ്പെടുന്നതിനു മുന്പ് പല സിനിമകൾക്ക് ഒരേസമയം അഡ്വാൻസ് വാങ്ങുക തുടങ്ങിയ രീതികൾക്ക് എതിരായിരുന്നു സച്ചി.
അതുകൊണ്ടു തന്നെയാവണം കൃത്യമായ ഇടവേളകളിലൂടെയാണ് സച്ചിയുടെ കരിയർ നീങ്ങിയത്. സേതുമായി ചേർന്നുള്ള ആദ്യ സ്ക്രിപിറ്റ് ചോക്ലേറ്റ് എന്ന സിനിമയ്ക്കുവേണ്ടി. പിന്നീടുള്ള ഓരോ സിനിമകളും ഹിറ്റുകളുടെ പട്ടികയിലാണെങ്കിലും എണ്ണത്തിൽ അധികമുണ്ടായില്ല. പക്ഷേ ഭൂരിഭാഗം സിനിമകളും പ്രേക്ഷകപ്രീതി നേടിയവയായിരുന്നു.
ആദ്യമായി സംവിധായകനായ അനാർക്കലിയും ഏറെ നാളത്തെ ഇടവേളക്കുശേഷമെത്തിയ അയ്യപ്പനും കോശിയും, രണ്ടേ രണ്ടു ചിത്രങ്ങളുടെ സംവിധായകൻ എന്ന രീതിയിൽ സച്ചി നേടിയ അംഗീകാരങ്ങളും പ്രശസ്തിയും വളരെ വലുതായിരുന്നു.
പ്രണയവും കോമഡിയുമെല്ലാം ചേർന്ന ചിത്രമായിരുന്നു അനാർക്കലിയെങ്കിൽ അതിൽ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു അയ്യപ്പനും കോശിയും. വൈവിധ്യമാർന്ന പ്രമേയങ്ങൾ ചലച്ചിത്രമാക്കാനുള്ള സച്ചിയുടെ ആവേശം കരിയറിന്റെ ആദ്യകാലം മുതലുണ്ടായിരുന്നു. എന്നാൽ വാണിജ്യസിനിമയുടെ രസക്കൂട്ടിൽ നിന്ന് വ്യതിചലിക്കാൻ അദ്ദേഹം തയാറായതുമില്ല.
കഥകളും ആശയങ്ങളും കൊണ്ടു നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ മനസ്. ക്രിമിനൽ വക്കീൽ എന്ന നിലയൽ പേരെടുത്തു നിൽക്കുന്പോഴാണ് സിനിമയിലേയ്ക്കുള്ള രംഗപ്രവേശം. എട്ടര വർഷത്തോളം നീണ്ട വക്കീൽപണി തന്റെ ജൂനിയേഴ്സിനെ ഏൽപിച്ചുകൊടുത്ത് എക്കാലത്തേയും തന്റെ സ്വപ്നമായ സിനിമയുടെ ഭൂമികയിലേക്ക് ഇറങ്ങുകയായിരുന്നു.
ഒരു പ്രമുഖ കേസിൽ സച്ചി വാദിച്ച പ്രതിയുടെ ഇരട്ട ജീവപര്യന്തം വെറും ജീവപര്യന്തമായി കുറച്ചു വിധി വന്ന ദിവസമാണ് വക്കീൽ പണി നിറുത്തി സിനിമയിലേക്കു കടന്നത്. ഒരു വക്കീൽ എന്ന നിലയിൽ കരിയറിൽ വലിയ നേട്ടങ്ങൾ നൽകുന്ന വിധിയായിരുന്നു അത്. പക്ഷേ സിനിമയായിരുന്നു അദ്ദേഹത്തിന്റെ ആത്യന്തിക ലക്ഷ്യം.
വക്കീൽപണി തന്റെ സിനിമാ ജീവിതത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് സച്ചി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു കേസ് വാദിക്കുന്പോൾ നല്ല വിശകലന മനസു വേണം. എല്ലാ പുഴുതകളും അടച്ചുവേണം ഓരോ കേസും വാദിക്കാൻ. ഈ രീതി സിനിമയുടെ സ്ക്രിപ്റ്റിലും തനിക്കു ഗുണം ചെയ്തുവെന്ന് സച്ചി പറഞ്ഞിട്ടുണ്ട്.
സ്കൂളിലും കോളജിലും പഠിക്കുന്പോൾ സജീവ നാടക പ്രവർത്തകനായിരുന്നു സച്ചി. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനായിരുന്നു മോഹം. എന്നാൽ ജ്യേഷ്ഠൻ വിട്ടില്ല. ചെറുപ്പത്തിലേ അച്ഛൻ മരിച്ചതിനാൽ ജ്യേഷ്ഠനായിരുന്നു രക്ഷകർത്താവിന്റെ സ്ഥാനത്ത്. അനുജൻ പഠിച്ച് ജോലി നേടി ജീവിതം സുരക്ഷിതമാക്കാനാണ് ജ്യേഷ്ഠൻ ആഗ്രഹിച്ചത്.
അങ്ങനെയാണ് വക്കീലായി ജീവിതം ആരംഭിച്ചത്. ഹൈക്കോടതിയിലെ വക്കീൽ പ്രാക്ടീസ് തുടങ്ങിയപ്പോഴാണ് സഹപ്രവർത്തനായ സേതുവിനെ പരിചപ്പെടുന്നത്. രണ്ടുപേരും സിനിമ തലയ്ക്ക് പിടിച്ചവർ. കോടതിയിലെ ഇടവേളകളിലെ സിനിമ ചർച്ചയാണ് ഒടുവിൽ ചോക്ലേറ്റിന്റെ തിരക്കഥാകൃത്തുക്കളായി ഇവരെ മാറ്റിയത്.
ഒരു സിനിമയുടെ ഇടവേള പോലെ, പറഞ്ഞു തീർക്കാൻ ഒട്ടേറെ കഥകൾ ബാക്കിയാക്കിയാണ് സച്ചി യാത്രയാകുന്നത്. ഒട്ടേറെ സബ്ജക്ടുകൾ അദ്ദേഹം മനസിൽ കൊണ്ടു നടന്നിരുന്നു. അതിൽ പലതും സിനിമകളാകാതെ പോയിട്ടുണ്ട്. ചിലതൊക്കെ വലിയ സ്വപ്നമായി കൊണ്ടു നടന്നു.
അടിയന്തരാവസ്ഥക്കാലം പ്രമേയമാക്കി ഒരു സിനിമ ചെയ്യുക അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ശരിക്കും അദ്ദേഹത്തിന്റെ പ്രതിഭയുടെ തിളക്കം പ്രേക്ഷകർ ആസ്വദിച്ചു വരുന്നതേയുണ്ടായിരുന്നുള്ളു.
അയ്യപ്പനും കോശിയുമൊക്കെ ആ സാധ്യകൾ വലിയ അളവിൽ നമുക്ക് കാണിച്ചു തന്നിരുന്നു. കഥകൾ ബാക്കിയാക്കി സച്ചി മടങ്ങുന്പോൾ മറ്റൊരു പ്രതിഭയുടെ കൂടി അകാല വിയോഗത്തിന് മലയാളസിനിമ സാക്ഷ്യം വഹിക്കുകയാണ്.