ന്യൂഡൽഹി: പശു സംരക്ഷണത്തിന്റെ പേരിൽ അറസ്റ്റിലായവർക്കെതിരേ ദേശസുരക്ഷാ നിയമം ചുമത്തിയ മധ്യപ്രദേശ് സർക്കാർ നടപടിയെ വിമർശിച്ച് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രംഗത്ത്. പശു സംരക്ഷണത്തെക്കാൾ പ്രധാനപ്പെട്ട വിഷയങ്ങൾ രാജ്യത്തുണ്ടെന്നും മധ്യപ്രദേശ് സർക്കാർ അതിനായിരുന്നു പ്രധാന്യം നൽകേണ്ടിയിരുന്നതെന്നും സച്ചിൻ പറഞ്ഞു.
ഗോവധത്തിനെതിരേയും അനധികൃത പശുക്കടത്തിനെതിരെയും രാജസ്ഥാൻ സർക്കാർ മധ്യപ്രദേശിന്േറതിൽനിന്നു വ്യത്യസ്തമായി നിലപാടാണ് സ്വീകരിക്കുന്നത്. മൃഗങ്ങളെ സംരക്ഷിക്കുന്നത് വേണ്ടതു തന്നെ. എന്നാൽ പശു സംരക്ഷണത്തേക്കാൾ കൂടുതൽ മുൻതൂക്കം നൽകേണ്ട വിഷയങ്ങളുണ്ട്. മധ്യപ്രദേശിന്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടയാൾ മുഖ്യമന്ത്രി കമൽനാഥ് ആണ്- സച്ചിൻ പറഞ്ഞു.
പശു സംരക്ഷണത്തിന്റെ പേരിൽ അഞ്ചു പേർക്കെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി മധ്യപ്രദേശ് പോലീസ് കേസെടുത്തത്. ഇതിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മുതിർന്ന കോണ്ഗ്രസ് നേതാക്കളായ പി.ചിദംബരം, സൽമാൻ ഖുർഷിദ് എന്നിവർ കമൽനാഥ് സർക്കാരിനെതിരേ രംഗത്തെത്തി. എന്നാൽ മധ്യപ്രദേശ് സർക്കാർ തീരുമാനത്തിൽ ഇടപെടില്ലെന്നായിരുന്നു കോണ്ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.