പൂന: പൂന ഏകദിനത്തില്‍ തന്റെ കരിയറിലെ 27-ാം ശതകമാണ് ഇന്ത്യന്‍ നായകന് കോഹ്ലി നേടിയത്. അതു കൂടാതെ ചേസ് ചെയ്യുമ്പോള്‍ സെഞ്ചുറി നേടുന്ന കാര്യത്തില്‍ സച്ചിന് തെണ്ടുല്ക്കർക്കൊപ്പമെത്താനും കോഹ്ലിക്കു സാധിച്ചു.
സച്ചിന് 232 ഇന്നിംഗ്സുകളില്‍ ഇത്തരത്തില്‍ 17 സെഞ്ചുറികള്‍ നേടിയപ്പോള്‍ അതിനൊപ്പമെത്താന്‍ കോഹ്ലിക്കു 96 ഇന്നിംഗ്സുകളേ വേണ്ടിവന്നുള്ളു.
ഇതേതുടര്‍ന്നു സച്ചിനും കോഹ്ലിയും തമ്മിലുള്ള താരതമ്യങ്ങളും ഏറെയാണ്. എന്നാല്‍, മാസ്റ്റര്‍ ബ്ലാസ്റ്ററുടെ നേട്ടങ്ങള്‍ക്ക് ഒപ്പമെത്താന്‍ ഏറെ പ്രയാസമാണെന്ന് കോഹ്ലി വ്യക്തമാക്കി. സച്ചിനെ പോലെ അത്രയും നാള് കളിക്കളത്തില്‍ തുടരാന്‍, 200 ടെസ്റ്റുകള്‍ കളിക്കാന്‍, 100 രാജ്യാന്തര സെഞ്ചുറികള്‍ നേടാന്‍ ഇതൊക്കെ അപ്രാപ്യമാണെന്നു കോഹ്ലി പറഞ്ഞു.
സച്ചിന്റെ റിക്കാർഡുകൾ തകർക്കാൻ ഏവരും സാധ്യത കല്പിക്കുന്ന താരമാണ് വിരാട് കോഹ്ലി. ഇതേ ഫോമിൽ തുടർന്നാൽ അതിന് അധികകാലം താമസമുണ്ടാകില്ല.