സച്ചിന് ടെന്ഡുല്ക്കര് എന്നത് ഒരു വ്യക്തിയല്ല മറിച്ച് ഒരു വികാരമാണ്. ഇന്ത്യക്കാര്ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്ക്ക് ആവേശവും വികാരവുമാണ് സച്ചിന് ടെണ്ടുല്ക്കര് എന്ന ക്രിക്കറ്റ് ദൈവം. മൂന്നും നാലും തലമുറകളില് ക്രിക്കറ്റ് എന്ന കായികയിനത്തോടുള്ള ആരാധന ഉണ്ടാക്കിയ ആളാണ് സച്ചിന്. എന്നാല് വിരമിച്ചതിന് ശേഷം ക്രിക്കറ്റിന് പുറമെയുള്ള മേഖലകളില് പരീക്ഷണങ്ങളാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ഐഎസ്എല്ലില് കേരള ബ്ലാസ്റ്റേര്സുമായി വന്നു ഫുട്ബോളിന്റെ പുരോഗമനത്തിനായ് പ്രവര്ത്തിച്ചപ്പോള്, സച്ചിന് എ ബില്ല്യണ് ഡ്രീം എന്ന ആത്മകഥ പറയുന്ന സിനിമയില് അഭിനയത്തിലും ഒന്ന് പയറ്റി നോക്കി സച്ചിന്. ഇപ്പോഴിതാ സംഗീതത്തിലും ഒരു കൈ നോക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു സച്ചിന്.
പ്രശസ്ത ഗായകന് സോനു നിഗത്തിനൊപ്പമാണ് സച്ചിന് സംഗീതലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. ”ക്രിക്കറ്റ് വാലി ബീറ്റ്” എന്ന ഗാനം ആലപിച്ചാണ് സച്ചിന് സംഗീത ലോകത്തിലേക്ക് കടന്നത്. മോഹന്ലാല് ചിത്രം കാണ്ഡഹാറിന്റെ സംഗീത സംവിധാനം നിര്വഹിച്ച് മലയാളികള്ക്ക് പരിചിതനായ ഷമീര് ടണ്ടണാണ് ഈ പാട്ടിനും ഈണം നല്കിയിരിക്കുന്നത്. സച്ചിന് മികച്ച ഒരു ഗായകനാണെന്ന് സോനു നിഗം അഭിപ്രായപ്പെട്ടു. ശരിയായ ശ്രുതിയില് ഗാനം ആലപിച്ചതു കൊണ്ട് പിച്ച് കറക്ടര് പോലും ഉപയോഗിക്കേണ്ടി വന്നില്ല. പൊതുവെ പിന്വലിഞ്ഞ് നില്ക്കുന്ന സ്വഭാവമുള്ള സച്ചിന് സ്റ്റുഡിയോയില് ഊര്ജസ്വലനായിരുന്നെന്നും. ജനങ്ങള് പാട്ട് ഇരുകൈയും നീട്ടി സ്വീകരിച്ചെന്നറിയുന്നതില് അതിയായ സന്തോഷമുണ്ടെന്നും സോനു നിഗം പറഞ്ഞു. 100 എംബി എന്ന ആന്ഡ്രോയിഡ് ആപ്പിന്റെ പ്രചരണാര്ത്ഥം ഇറങ്ങിയിരിക്കുന്ന ഗാനത്തിന്റെ പൂര്ണ്ണ വേര്ഷന് സംഗീത റിയാലിറ്റി ഷോയായ ഇന്ത്യന് ഐഡലിന്റെ ഫിനാലെ നടക്കുന്ന ദിവസം പുറത്തിറക്കും.