കൊച്ചി: സച്ചിന് എ ബില്യൺ ഡ്രീംസ് എന്ന പേരില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്ക്കറിനെക്കുറിച്ചുള്ള സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ് നല്‍കും. കേരളത്തിലും ഛത്തീസ്ഗഡിലും ബില്യന്‍ ഡ്രീംസ് എന്ന സിനിമയ്ക്ക് നികുതിയിളവ് ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് നിര്‍മാതാവ് രവി ഭഗ്ചന്ദ്ക പറഞ്ഞു. ഈ സിനിമ ഒരു വ്യക്തിയുടെ കഠിനാധ്വാനത്തിനുള്ള ആദരവാണ്. ഇന്നത്തെ യുവാക്കള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുന്നതാണ് സച്ചിന്റെ ജീവിതം.
നികുതിയിളവ് നല്കിയ സംസ്ഥാനങ്ങളോട് നന്ദിയുണ്ട്. കൂടുതല്‍ പേര് സച്ചിന്റെ ജീവിതകഥ കാണുന്നതിനും പഠിക്കുന്നതിനും ഇത് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഇരുണ്ട കാലഘട്ടങ്ങളെ അദ്ദേഹം എങ്ങനെയാണ് മറികടന്നതെന്നു ഈ സിനിമ കാണിച്ചുതരുമെന്നു ഭഗ്ചന്ദ്ക പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഈ സ്വാഗതാര്‍ഹമായ നീക്കത്തിന് നന്ദിയുണ്ടെന്ന് കാര്‍ണിവല്‍ പിക്ചേഴ്സിന്റെ പ്രൊഡ്യൂസര്‍ ശ്രീകാന്ത് ഭാസി പറഞ്ഞു. ക്രിക്കറ്റ് ഇതിഹാസത്തിന്റെ കഠിനാധ്വാനം വ്യക്തമാക്കുന്ന ഈ സിനിമയുടെ മൂല്യത്തിനുള്ള ശരിയായ അംഗീകാരമാണ് ഇത്. മേയ് 26നാണ് സിനിമ പ്രദര്‍ശനത്തിനെത്തുന്നത്.