മുംബൈ: ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള തന്റെ വരവ് അത്ര എളുപ്പമായിരുന്നില്ലെന്ന് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ടീം മാനേജ്മെന്റിന്റെ കാലുപിടിച്ചിട്ടാണ് തന്നെ ഓപ്പണറാക്കിയതെന്നും സച്ചിൻ വെളിപ്പെടുത്തി. തോൽക്കുമെന്ന ഭയം മൂലം ‘റിസ്ക്’ എടുക്കാൻ മടിക്കരുതെന്ന് വിശദീകരിക്കാനാണ് തന്റെ അനുഭവം വീഡിയോ പോസ്റ്റിലൂടെ സച്ചിൻ വിശദീകരിച്ചത്.
1994ൽ ഓക്ലൻഡിൽ ന്യൂസിലൻഡിനെതിരെ നടന്ന ഏകദിനത്തിലാണ് ആദ്യമായി ഓപ്പണിംഗ് റോളിൽ ഇറങ്ങിയത്. ബാറ്റിംഗിൽ സ്ഥാനക്കയറ്റം കിട്ടിയാൽ ബൗളർമാരെ കടന്നാക്രമിക്കാമെന്നായിരുന്നു കണക്കുക്കൂട്ടൽ. എന്നാൽ ഓപ്പണറാക്കാമോയെന്നു ചോദിച്ച് ടീം മാനേജ്മെന്റിന്റെ കാലുപിടിക്കേണ്ടി വന്നു. പരാജയപ്പെട്ടാൽ ഇനിയും നിങ്ങളുടെ പിന്നാലെ വരില്ല എന്ന് വാക്കുകൊടുത്തിട്ടാണ് അന്ന് എനിക്ക് ഓപ്പണറാകാൻ പറ്റിയതെന്നും സച്ചിൻ വെളിപ്പെടുത്തി.
1994ൽ സച്ചിൻ ആദ്യമായി ഓപ്പണറായി ഇറങ്ങുമ്പോൾ പങ്കാളിയായി ഒപ്പമുണ്ടായിരുന്നത് മനോജ് പ്രഭാകറായിരുന്നു. വെറും 49 പന്തിൽ 82 റൺസാണ് അന്ന് അടിച്ചുകൂട്ടിയത്. കിടിലൻ പ്രകടനത്തോടെ ഓപ്പണിംഗ് സ്ഥാനം ഉറപ്പിച്ചു. ഓപ്പണർ സ്ഥാനത്തിന് വേണ്ടി പിന്നീടൊരിക്കലും യാചിക്കേണ്ടി വന്നില്ലെന്നും സച്ചിൻ കുറിച്ചു.
ഓപ്പണറെന്ന നിലയിലുള്ള ആദ്യ അഞ്ച് ഇന്നിങ്സുകളിൽ 82, 63, 40, 63, 73 എന്നിങ്ങനെയായിരുന്നു സച്ചിന്റെ സ്കോറുകൾ. ഓസ്ട്രേലിയക്കെതിരെ കൊളംബോയിൽ നടന്ന മത്സരത്തിലാണ് ആദ്യ സെഞ്ചുറി പിറന്നത്.