ന്യൂഡല്‍ഹി: മധ്യനിര ബാറ്റ്സ്മാനായാണ് സച്ചിന് തെണ്ടുല്‍ക്കര്‍ ക്രിക്കറ്റ് കരിയര്‍ തുടങ്ങിയതെന്ന് രഹസ്യമൊന്നുമല്ല. ന്യൂസിലന്‍ഡ് പര്യടനത്തിനിടെ നവ്ജ്യോത് സിംഗ് സിദ്ദുവിന് പരിക്കേറ്റതോടെ സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് ആദ്യമായി ഓപ്പണറായി ഇറങ്ങാനുള്ള അവസരം കിട്ടി.
അന്ന് ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനോടും പരിശീലകന് അജിത് വഡേക്കറോടും തന്നെ ഓപ്പണറായി ഇറക്കാന്‍ സച്ചിന് ആവശ്യപ്പെടുകയായിരുന്നു.
‘രാവിലെ ഹോട്ടലില്‍നിന്ന് ഇറങ്ങുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു ഞാന്‍ ഓപ്പണറായി കളിക്കാന്‍ പോവുകയാണെന്ന്. ഞാന്‍ ഗ്രൗണ്ടിലെത്തിയപ്പോള്‍ അസ്ഹറും വഡേക്കര്‍ സാറും ഡ്രസിംഗ് റൂമിലുണ്ട്. കഴുത്തിന് പരിക്കുള്ളതിനാല്‍ സിദ്ദു കളിക്കില്ലെന്ന് ഇരുവരും അറിയിച്ചു.
ഇതോടെ ഓപ്പണറായി ഇറങ്ങാന്‍ എനിക്കൊരു അവസരം തരുമോ എന്ന് ഞാന്‍ ചോദിക്കുകയായിരുന്നു. ബൗളര്‍മാരെ നേരിടാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.’’ പേഴ്സണല്‍ ആപ്പായ 100എംബിയില്‍ സംസാരിക്കുകയായിരുന്നു സച്ചിന്.
ഓപ്പണറായി ഇറങ്ങി 15 ഓവറോളം ബാറ്റുചെയ്ത് എതിരാളികളില്‍ സമ്മര്‍ദമുണ്ടാക്കുക എന്നതായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്. പരാജയപ്പെടുകയാണെങ്കില്‍ ഒരിക്കലും തിരിച്ചുവരില്ലെന്നും അതുകൊണ്ട് ഒരു അവസരം തരണമെന്നും ഞാന്‍ അപേക്ഷിച്ചു. അത് അവര്‍ അംഗീകരിച്ചു. സച്ചിന് ഓര്‍ത്തെടുത്തു.
ആ ആത്മവിശ്വാസം വെറുതെയായില്ല. 49 പന്തില്‍ നിന്ന് 15 ഫോറും രണ്ട് സിക്സും സഹിതം സച്ചിന് 82 റണ്‍സ് നേടി.